കൊച്ചി: കൊച്ചിയിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയക്ക് നിര്‍ദേശം നല്‍കി ബിഎസ്‌എന്‍എല്‍. ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്നഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് രഹ്ന ഫാത്തിമയോട് ബിഎസ്‌എന്‍എല്‍ ആവശ്യപ്പെട്ടത്.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് റെയ്ഡ് നടത്തിയത് കമ്ബനിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും അതിനാല്‍ മുപ്പതുദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇല്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.ഈമാസം 25നാണ് കൊച്ചി പനമ്ബള്ളി നഗറിലെ രഹ്നയുടെ ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് റെയ്ഡ് നടത്തിയത്.റെയ്ഡില്‍ ബ്രഷ്, പെയിന്റ്, ലാപ്‌ടോപ്പ് എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. രഹ്ന മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുകയാണ്.

നേരത്തേ രഹ്നയെ ബി.എസ്.എന്‍.എല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അതിനാല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അര്‍ഹതയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മാസങ്ങളോളം രഹ്നയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍ .