തിരുവനന്തപുരം: ലേണേഴ്‌സ് ടെസ്‌ററും സര്‍ട്ടിഫിക്കറ്റ് നേടലുമെല്ലാം ഇനിമുതല്‍ വീട്ടിലിരുന്ന് നടത്താം. ഓണ്‍ലൈന്‍ ടെസ്റ്റ് നടത്താനും, സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് എടുക്കാനും പഴകിയ സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കിയെടുക്കാനുമെല്ലാം ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി സാദ്ധ്യമാകും. ഇതിനുള്ള തയ്യാറെടുപ്പുകളിലാണ് സംസ്ഥാന ഗതാഗത വകുപ്പ്.

ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തിവച്ച ലേണേഴ്‌സ് ടെസ്റ്റുകള്‍ ഓണ്‍ലൈനായി പുനരാരംഭിക്കാനാണ് ഗതാഗത കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സ്വന്തമായി മൊബൈല്‍ ഫോണോ കംപ്യൂട്ടറോ ഉള്ള ആര്‍ക്കും ടെസ്റ്റില്‍ പങ്കെടുക്കാം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലമാണ് പുതിയ സംവിധാനമൊരുക്കുന്നത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ സൗകര്യം തുടരണമെന്നാണ് ഗതാഗതസെക്രട്ടറി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് വീട്ടിലിരുന്ന് തന്നെ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് തുടര്‍ നടപടികള്‍ക്ക് ഉപയോഗിക്കാം. ജൂലൈ ഒന്ന് മുതല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെങ്കിലും, ഇതിന്റെ സാദ്ധ്യതകള്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധിച്ചുവരികയാണ്.