തിരുവനന്തപുരം: പോത്തീസ് ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് സൂപ്പര്‍ സ്റ്റോഴ്സിലെ സ്സൂപ്പര്‍ മാര്‍ക്കറ്റ് നഗരസഭ താല്‍ക്കാലികമായി അടച്ചു പൂട്ടി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാളയം,ചാല മാര്‍ക്കറ്റുകള്‍ക്കൊപ്പം നഗരത്തിലെ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നഗരസഭ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ആള്‍ക്കൂട്ടം കുറയ്ക്കുന്നതിന് വേണ്ടിയാണ് നഗരസഭ ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്. ഇത് ലംഘിച്ച്‌ നിര്‍ദേശ പ്രകാരം അവധി ദിവസമായിരുന്ന ഞായറാഴ്ച്ച ദിവസവും പോത്തീസ് തുറന്ന് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയെങ്കിലും നിയന്ത്രണങ്ങള്‍ പാലിച്ചില്ല. തുടര്‍ന്നും പോത്തീസിലെ സൂപ്പര്‍മാര്‍ക്കറ്റ് യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ തുറന്ന് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മേയര്‍ കെ.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോത്തീസില്‍ തിങ്കളാഴ്ച്ച പരിശോധന നടത്തിയിരുന്നു.

തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിച്ച പോത്തീസിലെ സൂപ്പര്‍ മാര്‍ക്കറ്റ് നോട്ടീസ് നല്‍കി താല്‍ക്കാലികമായി അടച്ചിടാന്‍ നഗരസഭ തീരുമാനിച്ചത്.