ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പ്. ഇന്ത്യയുടെ യുവനിര പ്രഥമ ടി20 ലോകകപ്പ് നേടുമ്ബോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് എല്ലാ അര്‍ത്ഥത്തിലും അത് പുതുയുഗമായിരുന്നു. ധോണിയെന്ന നായകനെ കിട്ടുന്നതും കരുത്തും കഴിവുമുള്ള ഒരു കൂട്ടം യുവതാരങ്ങള്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതുമെല്ലാം 2007ലെ ലോകകപ്പ് നേട്ടത്തിന് ശേഷമാണ്. എന്നാല്‍ ആ സന്തോഷത്തിന്റെ ഭാഗമാകാതിരുന്ന മൂന്ന് ഇന്ത്യന്‍ ഇതിഹാസങ്ങളുണ്ട്, സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്.

ഇപ്പോഴും പല ആളുകളും വിശ്വസിക്കുന്നത് മൂവരും യുവനിരയ്ക്ക് അവസരം നല്‍കാന്‍ വേണ്ടിയായിരുന്നു അത്തരത്തിലൊരു പിന്‍മാറ്റം നടത്തിയതെന്നാണ്. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ശരിക്കും അന്ന് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അന്നത്തെ ടീം മാനേജറുടെ വെളിപ്പെടുത്തല്‍. ലാല്‍ചന്ദ് രജ്പുത്താണ് പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

“നായകനായിരുന്ന രാഹുല്‍ ദ്രാവിഡാണ് ഗാംഗുലിയെയും സച്ചിനെയും ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ചില താരങ്ങള്‍ നേരിട്ടാണ് ലോകകപ്പ് നടന്ന ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലെത്തിയത്. ഈ സാഹചര്യത്തില്‍ യുവനിരയ്ക്ക് അവസരം നല്‍കാമെന്ന് ദ്രാവിഡാണ് അവരോട് പറഞ്ഞത്,” ലാല്‍ചന്ദ് രജ്പുത് പറഞ്ഞു.

എന്നാല്‍ ലോകകപ്പ് നേടിയതിന് ശേഷം അവര്‍ അതേക്കുറിച്ച്‌ പശ്ചാത്തപിച്ചിരിക്കണം, കാരണം താന്‍ ഇത്രയും വര്‍ഷമായി കളിക്കുന്നുണ്ടെന്നും ഇപ്പോഴും ലോകകപ്പ് നേടിയിട്ടില്ലെന്നും സച്ചിന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ നായകത്വ മികവിനെയും അദ്ദേഹം പ്രശംസിച്ചു. “സത്യം പറഞ്ഞാല്‍, അവന്‍ വളരെ ശാന്തനായിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയില്‍ മൈതാനത്ത് തീരുമാനമെടുക്കേണ്ടതിനാല്‍ അദ്ദേഹം രണ്ട് തവണ ചിന്തിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച്‌ എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം അദ്ദേഹം ചിന്തിക്കുന്ന ക്യാപ്റ്റനായിരുന്നു എന്നതാണ്,” ലാല്‍ചന്ദ് രജ്പുത് കൂട്ടിച്ചേര്‍ത്തു.