കോട്ടയം> നാട്ടകത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മരിച്ച യുവാവിന്റെ ബന്ധുക്കള്‍. മരിച്ച ജിഷ്ണു ജോലി ചെയ്തിരുന്ന കുമരകത്തെ ബാറുമായി ബന്ധപ്പെട്ട സംഭവങ്ങളാകാം ഇതിനു പിന്നിലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവിനു പരാതി നല്‍കി.

ബികോം കഴിഞ്ഞ് രണ്ടുവര്‍ഷം മുമ്ബാണ് ജിഷ്ണു ബാര്‍ ഹോട്ടലില്‍ ജോലിക്ക് പോയിത്തുടങ്ങിയത്. വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാവിലെ പതിവുപോലെ ജോലിക്ക് പോയയാള്‍ പിന്നെ മടങ്ങിവന്നില്ല. കോട്ടയം ഭാഗത്തേക്കുള്ള ബസില്‍ കയറി പോയെന്ന് പിറ്റേന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ബാറിലെ ജോലിയുമായി ബന്ധപ്പെട്ട് ആരുമായും ജിഷ്ണുവിന് പ്രശ്നങ്ങളില്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു. നാട്ടകത്തെ ഇന്ത്യ പ്രസ് ഫാക്ടറിയുടെ സ്ഥലം വെട്ടിത്തെളിച്ചപ്പോഴാണ് കഴിഞ്ഞദിവസം അസ്ഥികൂടം കണ്ടെടുത്തത്. സമീപത്തുനിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ഡിഎന്‍എ പരിശോധന നടത്തും.