മലപ്പുറം: ശബരിമല സന്ദര്‍ശനത്തിനെത്തി വിവാദദം സൃഷ്ടിച്ച കനക ദുര്‍ഗ്ഗ വിവാഹമോചിതയായെന്ന് റിപ്പോര്‍ട്ട്. ബിന്ദു അമ്മിണിക്കൊപ്പം കനക ദുര്‍ഗ്ഗ ശബരിമല സന്ദര്‍ശനത്തിനെത്തിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് വിവരം.

കനകദുര്‍ഗ്ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. വിവാഹമോചനത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കനക ദുര്‍ഗ്ഗയ്ക്ക് കൃഷ്ണനുണ്ണി നല്‍കിയതായാണ് റിപ്പോര്‍ട്ട്. വിവാഹമോചനക്കേസ് തീര്‍പ്പായതോടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കനകദുര്‍ഗ നല്‍കിയിരുന്ന കേസുകള്‍ എല്ലാം പിന്‍വലിച്ചെന്നാണ് അറിയാന്‍ കഴിയുന്നത്.

ശബരിമല യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മ തലയ്ക്ക് അടിച്ചതായും ഉപദ്രവിച്ചതായും കനകദുര്‍ഗ ആരോപിച്ചിരുന്നു. വീട്ടുകാരുമായി പിണങ്ങിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഭര്‍ത്താവ് കൃഷ്ണനുണ്ണി.