ന്യൂഡല്‍ഹി: ലഡാക്കിലെ വൈ ജംഗ്ഷന്‍ ചൈന കൈയ്യടക്കിയ നിലയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അതിര്‍ത്തിയില്‍നിന്ന് 18 കിലോ മീറ്റര്‍ ഉള്ളിലുള്ള ലഡാക്കിലെ വൈ ജംഗ്ഷന്‍ കൈയടക്കിയതോടെ ഇന്ത്യന്‍ സൈനികര്‍ക്ക് പട്രോള്‍ പോയിന്റ് നമ്ബര്‍ 14-ലേക്ക് എത്തിച്ചേരാനാകാത്ത നിലയാണെന്നും ഇതെങ്ങനെ സംഭവിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.

ദൗലത്ത് ബേഗ് ഓള്‍ഡിയിലുള്ള ഇന്ത്യന്‍ എയര്‍സ്ട്രിപ്പില്‍നിന്ന് 25 കിലോ മീറ്റര്‍ മാത്രം അകലെയാണ് വൈ ജംഗ്ഷന്‍. സിയാച്ചിനിലേക്കും കാറക്കോറം പാസിലേക്കും ഇന്ത്യന്‍ സൈന്യം അവശ്യ വസ്തുക്കള്‍ എത്തിക്കുന്നത് ദൗലത്ത് ബേഗ് ഓള്‍ഡി എയര്‍ട്രിപ്പ് വഴിയാണ്. എയര്‍സ്ട്രിപ്പിനു നേരെ പീരങ്കി ആക്രമണം നടത്താന്‍ കഴിയുന്ന അകലത്തില്‍ ചൈന എത്തിയെന്നത് ഇന്ത്യന്‍ സൈന്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണ്. അവരുടെ ഭാഗത്തുനിന്ന് പീരങ്കി ആക്രമണമുണ്ടായാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ദൗലത്ത് ബേഗ് ഓള്‍ഡിയില്‍ ഇറങ്ങാനാകില്ല. ഇവിടെനിന്ന് സിയാച്ചിനിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നതുകൊണ്ടാണ് യഥാര്‍ഥ നിയന്ത്രണരേഖയിലെ സൈനിക സാന്നിധ്യം ശക്തമായി നിലനിര്‍ത്താന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ – ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും കപില്‍ സിബല്‍ ആരോപിച്ചു.

കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച ഗല്‍വാന്‍ താഴ്‌വരയിലെ പട്രോള്‍ പോയിന്റ് 14-ല്‍ ചൈനീസ് സൈന്യം ടെന്റുകള്‍ സ്ഥാപിക്കുകയും മറ്റു നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. യു.പി.എ. ഭരണകാലത്ത് രണ്ട് മുതല്‍ എട്ടു വരെയുള്ള ഫിംഗര്‍ പോയിന്റുകളില്‍ ചൈന കടന്നുകയറ്റം നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഫിംഗര്‍ പോയിന്റ് നാലില്‍ ചൈന എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുകയാണ്. ഫിംഗര്‍ പോയിന്റ് രണ്ടിലേക്ക് എത്താനാണ് അവരുടെ ശ്രമമെന്നും കപില്‍ സിബല്‍ പറഞ്ഞു.