ന്യൂഡല്‍ഹി| കൊറോണ വൈറസ് രോഗമുള്ളവരെ ചികിത്സിക്കാനായി മെഥൈല്‍പ്രെഡ്‌നിസോലോണിന് പകരം വിലയും വീര്യവും കുറഞ്ഞ ഡെക്‌സമെതസോണ്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി. ഇതേത്തുടര്‍ന്ന് ഡെക്‌സമെതസോണ്‍ മരുന്ന് ഉല്‍പ്പാദനം അതിവേഗം വര്‍ധിപ്പിക്കാന്‍ ലോക ആരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഡെക്‌സമെതസോണ്‍ ഉപയോഗത്തിലൂടെ ഗുരുതരമായി കൊറോണ വൈറസ് രോഗമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിവുണ്ടെന്ന് ബ്രിട്ടീഷ് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു.

ഡെക്‌സമെതസോണ്‍ ഉപയോഗത്തിലൂടെ സന്ധിവാതം പോലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവരില്‍ ഫലപ്രദമാണ്. കൂടാതെ ഓക്‌സിജന്‍ പിന്തുണ ആവശ്യമുള്ള രോഗികള്‍ക്കും കോശജ്വലന പ്രതികരണങ്ങള്‍ ഉളവാക്കാന്‍ സഹായകമാണെന്നും പറയുന്നു.

കേന്ദ്ര മന്ത്രാലയത്തിന്റെ കൊവിഡ് 19 പ്രോട്ടോകോളിന്റെ പുതുക്കിയ പതിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ മാസം മണവും രുചിയും നഷ്ടപ്പെടുന്ന അനുഭവം കൊവിഡ് ലക്ഷണങ്ങളില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 കേസുകള്‍ 5,08,953 ആയി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് 18,552 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച 10 രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. കുറഞ്ഞ ഡോസുള്ള ഡെക്‌സമെതസോണ്‍ 60 വര്‍ഷത്തിലേറെയായി വിപണിയില്‍ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.