കേരളത്തിന്റെ തീരത്തെ മീന്‍രുചിക്കുട്ടുകള്‍ക്ക് കോളോണിയല്‍ സ്പര്‍ശമുണ്ട്.മലബാറിലെയും തിരുവിതാംകൂറിലെയും തീരങ്ങളിലെ മീന്‍കറികളുടെ സ്വാദില്‍ പോര്‍ച്ചുഗീസ്,അറബ് ചേരുവകളുടെ പൈതൃകം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.തലമുറകള്‍ കൈമാറിവന്ന അത്തരം മീന്‍കറികള്‍ ചൈനീസ് വിഭവങ്ങളുടെ തള്ളിക്കയറ്റത്തിലും വേറിട്ടു നില്‍ക്കുന്നു.അത്തരത്തിലൊന്നാണ് മീന്‍ സൂപ്പ് കറി. നെയ്മീന്‍, ആവോലി,വറ്റ, തുവപ്പാര,തിരുത.ചെമ്പല്ലി,അയല തുടങ്ങി മത്തിവരെയുള്ള ചെറുമല്‍സ്യങ്ങളെല്ലാം സൂപ്പുകറിക്ക് ചേരുന്നതാണ്.

കൊല്ലത്ത് തങ്കശ്ശേരിയിലും,മലബാറില്‍ തലശ്ശേരിയിലും മീന്‍സുപ്പ് കറി പൈതൃകമായിത്തന്നെ നിലനില്‍ക്കുന്നു.ആഗ്ലോ ഇന്ത്യന്‍ പശ്ചാത്തലമുള്ള ഇവിടങ്ങളില്‍നിന്നുമാണ് സുപ്പുകറി തീരമേഖലയില്‍ പ്രചുരപ്രചാരം നേടിയതെന്ന് അനുമാനിക്കാം. കൊമ്പ്രിയ പെരുന്നാളുകള്‍ക്കും,വിശേഷ അവസരങ്ങളില്‍ ലത്തിന്‍ കത്തോലിക്കരുടെ വീടുകളില്‍ സൂപ്പ്കറി പ്രധാനമാണ്.ചോറിനൊപ്പം സൂപ്പുകറി സൂപ്പറാണ്.എന്നാല്‍ ബോള്(ഒറട്ടി),ചപ്പാത്തി,വെള്ളയപ്പം തുടങ്ങിയവക്കൊപ്പവും സമയവും സന്ദര്‍ഭവുമനുസരിച്ച് സുപ്പുകറി ചേര്‍ത്തു കഴിക്കാം.

കേരളത്തിലെ തീരത്തെ പ്രത്യേകതകളുള്ള രുചിക്കൂട്ടുകളെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ആദ്യത്തേതായി മീന്‍സൂപ്പുകറി തന്നെ സ്ഥാനം പിടിച്ചതിന്റെ കാരണം അതിന്റെ രുചിതന്നെയാണ്.പിന്നെ സുപ്പുകറിയുടെ തീരത്തെജനകീയതയും കാരണമായി.കേരളത്തിലെ ഏറ്റവും പ്രമുഖമായ മല്‍സ്യബന്ധന മേഖലയായ ശക്തികുളങ്ങരയിലെ ശൈലിയിലാണ് സുപ്പ്കറി പാചകം ചെയ്തിരിക്കുന്നത്. ശക്തികുളങ്ങര അഴിമുഖത്തിനടുത്ത് മദാമ്മതോപ്പില്‍ അത്തിക്കല്‍ നീക്ലോസിന്റെയും വിക്ടോറിയയുടെയും പതിമ്മുന്ന് മക്കളില്‍ രണ്ടാമത്തെ മകളായി ജനിച്ചുവളര്‍ന്ന എല്‍സിവില്യം ആണ് നോട്ടിക്കല്‍ ടൈംസ് കേരള ക്കായി തീരത്തിന്റെ മല്‍സ്യവിഭവങ്ങളുടെ രുചിക്കുട്ടൊരുക്കുന്നത്.
കടല്‍,കായല്‍ മല്‍സ്യബന്ധനത്തില്‍ വ്യാപൃതരായിരുന്ന പിതാവിന്റെയും സഹോദരന്റെയും കടലറിവുകളും മീനറിവുകളും ഇവര്‍ക്ക് ബാല്യകാലം മുതലേ ലഭിച്ചത് കറിക്കുട്ടുകള്‍ക്ക് മനപ്പാഠമായി.സ്വന്തമായി വള്ളവും,കുറ്റിവലപ്പാടുമുള്ള വീട്ടില്‍ കടല്‍,കായല്‍ മല്‍സ്യങ്ങളുടെ ചാകരയായിരുന്നു.പിടിച്ചുകൊണ്ടുവരുന്നതില്‍ ഏറ്റവും മികച്ച മല്‍സ്യങ്ങള്‍ അടുക്കളയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വെട്ടി കറിവെക്കുന്ന രീതി ദിവസം രണ്ടു തവണയെങ്കിലും ഉണ്ടാവും.കാരണം വീട്ടിലെ അംഗങ്ങളുടെ ബാഹുല്യം തന്നെ.ഇപ്പോള്‍ പ്രായം എഴുപതും കടന്നു.അന്നത്തെ പരിചയവും അറിവുകളും മാത്രമാണ് മുതല്‍ക്കൂട്ട്. അഴിമുഖത്തെ വീടും പഴയ മല്‍സ്യചാകരയും ഇന്ന് ഓര്‍മ്മകളില്‍ മാത്രം.