ശ്രീനഗര്‍: 20 മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും അധിക സുരക്ഷ പിന്‍വലിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം. സുരക്ഷാ ഓഡിറ്റിങ്ങിന് പിന്നാലെ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി), പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എന്നീ പാര്‍ട്ടികളില്‍ പെട്ടവരുടെ അധിക സുരക്ഷയാണ് പിന്‍വലിച്ചതെന്ന് വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇവരില്‍ പലര്‍ക്കും അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നതായി ഓഡിറ്റിനിടെ കണ്ടെത്തിയെന്നാണ് വിവരം. അതേസമയം രാഷ്ട്രീയ നേതാക്കള്‍ക്ക് കാറ്റഗറി (എക്‌സ്, വൈ, ഇസഡ്) പ്രകാരമുള്ള സുരക്ഷാ പരിരക്ഷ ലഭിക്കും.

അലി മുഹമ്മദ് സാഗര്‍, മുന്‍ നിയമമന്ത്രി സെയ്ഫുള്ള മിര്‍ എന്നിവരുള്‍പ്പെടെയുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ അധിക സുരക്ഷ പിന്‍വലിച്ചു. പാര്‍ട്ടി മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മാതൃസഹോദരനും പിഡിപി നേതാവുമായ സര്‍താജ് മദ്നിയും അധിക സുരക്ഷ പിന്‍വലിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

നേരത്തെ, ശ്രീനഗറിലെ ഫെയര്‍വ്യൂ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മെഹബൂബ മുഫ്തിക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. മറ്റൊരു മുന്‍ മുഖ്യമന്ത്രിയും എന്‍സി നേതാവുമായ ഒമര്‍ അബ്ദുള്ള 2020-ല്‍ ഗുപ്കര്‍ റോഡിലെ തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു. ജമ്മു കശ്മീര്‍ ഭരണകൂടം ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുന്നതിന് മുമ്പേ അദ്ദേഹം ബംഗ്ലാവ് ഒഴിഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പുനഃസംഘടിപ്പിച്ചതിനും ശേഷം മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും പിന്‍വലിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇവര്‍ക്ക് നല്‍കിയിരുന്ന ഔദ്യോഗിക വസതികളില്‍ നിന്ന് ഒഴിയേണ്ടി വന്നത്.