തൃണമൂല്‍ കോണ്‍ഗ്രസിനെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് ടിഎംസി നേതാവും പശ്ചിമ ബംഗാള്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജി. കൊല്‍ക്കത്തയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ‘ഡിസംബര്‍ ഡെഡ് ലൈന്‍’ (December deadline) പ്രസ്താവനയെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ വര്‍ഷത്തിനപ്പുറം നിലനില്‍ക്കില്ലെന്ന് അധികാരി പലതവണ പറഞ്ഞിരുന്നു.

പാര്‍ത്ഥ ചാറ്റര്‍ജി, എസ്എസ്സി മുന്‍ മുഖ്യ ഉപദേഷ്ടാവ് എസ്പി സിന്‍ഹ, നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ സുബിരേഷ് ഭട്ടാചാര്യ, പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ഡബ്ല്യുബിബിഎസ്ഇ) മുന്‍ ചെയര്‍മാന്‍ കല്യാണ്‍മോയ് ഗാംഗുലി എന്നിവരെയാണ് അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തത്. .

അറസ്റ്റിലായ ഏഴ് പ്രതികളെ ഇന്ന് കൊല്‍ക്കത്തയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. എല്ലാ പ്രതികളും ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.2014 മുതല്‍ അഴിമതി നടന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിരുന്നത് പാര്‍ത്ഥ ചാറ്റര്‍ജിയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് മമത ബാനര്‍ജി സര്‍ക്കാര്‍ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി. അറസ്റ്റിലാകുമ്പോള്‍ പാര്‍ലമെന്ററി കാര്യങ്ങള്‍, വ്യവസായം, വാണിജ്യം തുടങ്ങി വകുപ്പുകള്‍ അദ്ദേഹമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.