ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതില്‍ സജി ചെറിയാന്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. മന്ത്രിസ്ഥാനത്ത് നിന്ന് രാജി വെച്ചത് കൊണ്ട് പ്രശ്‌നം തീരില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നുമാണ് ഹര്‍ജി. മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 

അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്..

നേരത്തെ ഹര്‍ജിയില്‍ വാദം കേട്ട കോടതി സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പരാതിയില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസും നീക്കം ആരംഭിച്ചു. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. എന്നാല്‍, കേസ് അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഡിജിപിയുടെ നിര്‍ദേശപ്രകാരമാവും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും കേസന്വേഷിക്കുന്ന തിരുവല്ല ഡിവൈഎസ്പി പറയുന്നു.

സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി പരിപാടിയില്‍ സജി ചെറിയാന്‍ പ്രസംഗിച്ചത് ഇതായിരുന്നു:

”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്നപേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യം.”

ചരിത്രം ആവര്‍ത്തിക്കുമോ?

വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ മന്ത്രി സ്ഥാനത്തു നിന്നും രാജിവയ്പ്പിക്കുന്നതും ജനരോക്ഷം പിന്‍വാങ്ങുന്നത് കണ്ടറിഞ്ഞ് അവരെത്തന്നെ മന്ത്രിയായി വീണ്ടും അവരോധിക്കുന്നതും ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ രണ്ട് വട്ടം കണ്ടതാണ്. 2016 ഒക്ടോബര്‍ 14നാണ് ബന്ധു നിയമന വിവാദത്തെ തുടര്‍ന്നാണ് ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രി സ്ഥാനം ഇല്ലാതാക്കിയത്.

മന്ത്രിയായി 142-ാം ദിവസമായിരുന്നു ജയരാജന്റെ രാജി. സെപ്തംബര്‍ 26ന് ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ആര്‍ക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വിശദീകരണം. തുടര്‍ന്നാണ്, ജയരാജന് വീണ്ടും മന്ത്രിയാകാനുള്ള വഴി സര്‍ക്കാര്‍ വെട്ടി നല്‍കിയത്. 

ഫോണ്‍കെണി കേസില്‍ 2017 മാര്‍ച്ച് 26നാണു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി വച്ചത്. 2018 ജനുവരി 27ന് ശശീന്ദ്രനെ കുറ്റമുക്തനാക്കി വിചാരണക്കോടതി വിധി വന്നതോടെ, ഇതിന്റെ ചുവട് പിടിച്ച് പിണറായി വിജയന്‍ സര്‍ക്കാരില്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സജി ചെറിയാന്റെ വിഷയത്തിലും ചരിത്രം ആവര്‍ത്തിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.