ന്യൂഡൽഹി: സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ഹിന്ദു ദൈവങ്ങളുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് മോദിയോട് ആവശ്യപ്പെട്ട ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, അതിന് ഉദാഹരണമായി പറഞ്ഞത് ഇന്തൊനേഷ്യൻ കറൻസിയാണ്.  ഇന്തൊനേഷ്യയിലെ കറൻസിയിൽ ഗണേശന്‍റെ ചിത്രമുണ്ടെന്നും അത് അഭിവൃദ്ധിയുണ്ടാക്കുമെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്.

‘സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നമ്മൾ ഏറെ പ്രയത്നിക്കേണ്ടതുണ്ട്. എന്നാൽ, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം. അതിനാൽ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണം. 85 ശതമാനം മുസ്‍ലിംകൾ ഉള്ള ഇന്തൊനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്‍റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കൾ’ -എന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്.

എന്നാൽ, ഇന്തൊനേഷ്യൻ റുപിയയുടെ അവസ്ഥ ഏറെ പരിതാപകരമാണ് എന്നതാണ് യാഥാർഥ്യം. അടിക്കടി റുപിയയുടെ മൂല്യം ഇടിഞ്ഞുതാഴുകയാണ്. വിനിമയ നിരക്കിൽ നിരവധി ദരിദ്ര രാഷ്ട്രങ്ങളുടെ പിന്നിലാണ് ഇന്തൊനേഷ്യൻ റുപിയയുടെ സ്ഥാനം. ഇന്നത്തെ കണക്കുകൾ പ്രകാരം ഒരു യു.എസ് ഡോളർ ലഭിക്കാൻ 15,550.50 ഇന്തൊനേഷ്യൻ റുപിയ നൽകണം. 2000ൽ ഒരു ഡോളറിന് 7,130 റുപിയ ആയിരുന്നു വിനിമയ നിരക്ക്. ഇതാണ് 22 വർഷം കൊണ്ട് ഇരട്ടിയിലേറെ ഇടിഞ്ഞത്. അതേസമയം, ഒരുഡോളറിന് 82.02 ഇന്ത്യൻ രൂപ നൽകിയാൽ മതി.

നമ്മുടെ ഒരു ​രൂപ 189.70 ഇന്തൊനേഷ്യൻ റുപിയക്ക് തുല്യമാണ്. 70.49 റുപിയ നൽകിയാലാണ് ഒരു പാകിസ്താൻ രൂപ ലഭിക്കുക. അതായത് വിനിമയ മൂല്യത്തിൽ ഇന്ത്യയെക്കാളും പാകിസ്താനെക്കാളും ഏറെ പിറകിലാണ് ഇന്തൊനേഷ്യൻ കറൻസിയെന്നർഥം. 

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെയാണ് ‘സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ’ ദൈവത്തെ കൂട്ടുപിടിക്കുന്ന അദ്ഭുത വിദ്യയുമായി കെജ്രിവാൾ രംഗത്തുവന്നതെന്നാണ് ശ്ര​ദ്ധേയം. ‘ഇന്ത്യൻ കറൻസി നോട്ടിൽ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിർത്തണം. മറുവശത്ത് ഗണേശ ഭഗവാന്‍റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉൾപ്പെടുത്തുകയാണെങ്കിൽ രാജ്യത്തിന് മുഴുവൻ അതിന്‍റെ അനുഗ്രഹമുണ്ടാകും’ -എന്നും കെജ്രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.