കൊച്ചി: ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന അന്ധവിശ്വാസ വിരുദ്ധ നിയമത്തിനെതിരെ മുപ്പത്തിരണ്ടോളം ആചാര്യ സംഘടനകൾ രംഗത്ത്. അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഇടപ്പള്ളി ശ്രീരാമദാസമഠം ദേവസ്ഥാനത്ത് സംഘടിപ്പിച്ച ആചാര്യസഭയാണ് നിയമനിർമാണത്തെ രൂക്ഷമായി എതിർത്ത് രംഗത്തെത്തിയത്. 

അന്ധവിശ്വാസത്തിനെതിരെ എന്ന പേരിൽ ഹിന്ദു വിശ്വാസങ്ങളെ തകർക്കാനുള്ള ഗൂഢാലോചനക്കെതിരെ സംയുക്തമായി പോരാട്ടം സംഘടിപ്പിക്കുമെന്ന് ആചാര്യസഭ മുന്നറിയിപ്പ് നൽകി. വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിച്ചു വ്യാഖ്യാനിക്കണം. ശാസ്ത്രപുസ്തകങ്ങളെ സര്‍ക്കാര്‍തലത്തില്‍ അംഗീകരിക്കണം. പരമ്പരാഗത ആചാരങ്ങളെ എതിര്‍ക്കുന്ന പ്രവണത അവസാനിപ്പിച്ച് വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന ബില്ല് ഉപേക്ഷിക്കണമെന്നും ആചാര്യസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ആചാരങ്ങളെ വികലമായി അവതരിപ്പിക്കുന്ന രീതി ഇന്ന് കേരള സമൂഹത്തില്‍ തുടരുകയാണ്. ജ്യോതിഷം, തന്ത്രം, വാസ്തുവിദ്യ, വൈദികാചരണങ്ങള്‍ എന്നിവ അന്ധവിശ്വാസമാണെന്ന കാഴ്ചപ്പാടോടെ അന്ധവിശ്വാസ നിരോധന നിയമം അവതരിപ്പിക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. നാട്ടില്‍ നടക്കുന്ന കൊലപാതകം, പണം തട്ടിപ്പ്, ബലാത്സംഗം, അക്രമം എന്നിവ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഇപ്പോള്‍ തന്നെ നിയമമുണ്ട്.