കൊച്ചി: മോന്‍സന്‍ മാവുങ്കിലന്‍റെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസുകളില്‍ ഐജി ലക്ഷ്മണയടക്കമുളളവരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുളളതായി തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .ഉദ്യോഗസ്ഥർ മോൻസൻ മാവുങ്കലിൽ നിന്ന് പണം വാങ്ങിയത് കടമായിട്ടാണ്.പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥർ മോൻസനുമായി അടുപ്പം പുലർത്തി. ക്രൈംബ്രാഞ്ച്.മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോൻസനുമായി വലിയ അടുപ്പമുണ്ടായിരുന്നു, എന്നാൽ തട്ടിപ്പിൽ പ്രതിയാക്കാൻ തെളിവില്ല .അതിനാലാണ് സസ്പെൻഷനും വകുപ്പുതല അന്വേഷണവും തുടരുന്നത് .മോൻസന്‍റെ കൊച്ചിയിലെ വീട്ടിൽ പട്രോളിങ് ബുക്ക് വെച്ചത് സാധാരണ നടപടി മാത്രമാണ്.

കെപിസിസി പ്രസിഡന്‍റ്   കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുധാകരന്‍റെ  സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസന് കൈമാറിയത്.സുധാകരനെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.