മലങ്കര ഓര്‍ത്തഡോക്‌സ് സഭ 7 റമ്പാന്മാരെ കുന്നംകുളം പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് ജൂലൈ 28-ന് മെത്രാപ്പോലീത്താമാരായി അഭിഷേകം ചെയ്യും.

ഫെബ്രുവരിയില്‍ കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുത്ത് പരിശുദ്ധ സുന്നഹദോസിന്റെ അംഗീകാരവും ലഭിച്ച എബ്രഹാം തോമസ് റമ്പാന്‍ (53), പി. സി. തോമസ് റമ്പാന്‍ (53), ഡോ. ഗീവര്‍ഗീസ് ജോഷ്വാ റമ്പാന്‍ (50), ഗീവര്‍ഗീസ് ജോര്‍ജ് റമ്പാന്‍ (49), അഡ്വ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ (48), ഡോ. കെ. ഗീവര്‍ഗീസ് റമ്പാന്‍ (48), ചിറത്തിലാട്ട് സഖറിയ റമ്പാന്‍ (44) എന്നിവരാണ് മെത്രാപ്പോലീത്താമാരാകുന്നത്.

പ.കാതോലിക്കാബാവായും, സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കേരളത്തിലെ വിവിധ സഭകളില്‍ നിന്നുളള പ്രതിനിധികളെ കൂടാതെ അര്‍മീനിയന്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭകളുടെയും, റോമന്‍ കത്തോലിക്ക സഭയുടെയും പ്രതിനിധികളും ശുശ്രൂഷകളില്‍ പങ്കെടുക്കും. ശുശ്രൂഷകള്‍ക്ക് ശേഷം പഴഞ്ഞി കത്തീഡ്രല്‍ അങ്കണത്തില്‍ അനുമോദന സമ്മേളനം ചേരും.

കേരള ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. നവാഭിഷിക്ത മെത്രാപ്പോലീത്താമാരുടെ സ്വീകരണത്തോട് അനുബന്ധിച്ച് കുന്നംകുളം നഗരം ചുറ്റിയുള്ള ഘോഷയാത്രയും ക്രമീകരിച്ചിട്ടുണ്ട്. സഭയുടെ പാരമ്പര്യത്തിന് വിധേയമായി പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസാണ് ഇവര്‍ക്ക് പുതിയ പേരുകള്‍ നിശ്ചയിക്കുക.

ഇത് മൂന്നാം തവണയാണ് പഴഞ്ഞി കത്തീഡ്രല്‍ പളളി, മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന് വേദിയാകുന്നത്. സഭയുടെ ചരിത്രത്തില്‍ മൂന്നാം വട്ടമാണ് 7 പേരെ ഒന്നിച്ച് മെത്രാപ്പോലീത്താമാരായി വാഴിക്കുന്നത്.

12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്താമാരെ വാഴിക്കുന്നത്. ഇതോടെ സഭയിലെ മേല്‍പ്പട്ടക്കാരുടെ എണ്ണം 31 ആകും. മാവേലിക്കര, ചെങ്ങന്നൂര്‍, കോട്ടയം, ഇടുക്കി, കുന്നംകുളം, മലബാര്‍, സൗത്ത് വെസ്റ്റ് അമേരിക്ക എന്നിങ്ങനെ 7 ഭദ്രാസനങ്ങളാണ് മെത്രാപ്പോലീത്താമാരില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്. മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ പരിശുദ്ധ കാതോലിക്കാബാവാ നേരിട്ടാണ് ഈ 7 ഭദ്രാസനങ്ങളുടെയും ചുമതലകള്‍ നിര്‍വ്വഹിച്ചു വരുന്നത്. സ്ഥാനാരോഹണത്തിന് ശേഷം സഭയുടെ ഉന്നതസമിതികളില്‍ കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമായിരിക്കും നവാഭിഷിക്ത മെത്രാപ്പോലീത്താമാര്‍ക്ക് ഭദ്രാസനങ്ങള്‍ തീരുമാനിക്കുക.

മലങ്കര അസോസിയേഷന്‍ ഓഗസ്റ്റ് 4-ന്
സഭയുടെ അടുത്ത 5 വര്‍ഷത്തേക്കുളള വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറാങ്കണത്തിലെ ‘തോമാ മാര്‍ ദീവന്നാസിയോസ്’ നഗറില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം ചേരുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തുളള അസോസിയേഷന്‍ അംഗങ്ങള്‍ യോഗത്തില്‍ പങ്കുചേരും.

യോഗസ്ഥലത്ത് എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുളള അവസരം ഉണ്ടെങ്കിലും വോട്ടിംഗ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും. യോഗസ്ഥലത്ത് എത്താതെ തന്നെ എവിടെ നിന്നു വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യുവാനും, യോഗത്തില്‍ സംബന്ധിക്കുവാനും വോട്ടു ചെയ്യുവാനും ഉള്ള ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ക്രമീകരിക്കുന്നുണ്ട്. വിവിധ പളളികളെ പ്രതിനിധീകരിച്ച് 1410 വൈദികരും 2891 അത്മായരും ഉള്‍പ്പെടെ 4301 അസോസിയേഷന്‍ അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, ഫാ. ഡോ. എം. ഒ. ജോണ്‍ (വൈദിക ട്രസ്റ്റി), അഡ്വ. ബിജു ഉമ്മന്‍ (അസോസിയേഷന്‍ സെക്രട്ടറി), ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് (സഭയുടെ ഔദ്യോഗിക വക്താവ്), ഫാ. മോഹന്‍ ജോസഫ് (പി. ആര്‍. ഓ) എന്നിവർ പങ്കെടുത്തു