അബുദാബി: യുഎഇയില്‍ പുതിയ മൂന്ന് മന്ത്രിമാര്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മൂന്നും വിദ്യാഭ്യാസ മന്ത്രിമാരാണ്. ഇതില്‍ രണ്ട് പേര്‍ വനിതകളാണ്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ മുമ്പാകെയാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഡോ അഹമ്മദ് ബെല്‍ഹൂല്‍ അല്‍ഫലാസി, സാറ അല്‍ അമീരി, സാറാ മുസല്ലം എന്നിവരാണ് അധികാരമേറ്റത്. വിദ്യാഭ്യാസം, പൊതു വിദ്യാഭ്യാസം-നൂതന സാങ്കേതികവിദ്യ, പ്രാരംഭ വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് ഇവര്‍ക്ക് ലഭിച്ചത്.

വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് മൂവര്‍ക്കും സാധിക്കട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് ആശംസിച്ചു. രാജ്യത്തിന്റെ ഭാഗവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തുടര്‍ച്ചയായ വികസനത്തിന്റെ ആവശ്യമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് വ്യക്തമാക്കി. സപ്രധാന ദേശീയ ലക്ഷ്യങ്ങളാണ് പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രണ്ടാഴ്ച്ച മുമ്പാണ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പുനസംഘടന പ്രഖ്യാപിച്ചത്. പുതിയ മന്ത്രിമാര്‍ വരുമെന്നും, ചില മാറ്റങ്ങള്‍ വിദ്യാഭ്യാസ സമ്പ്രാദയത്തില്‍ അടക്കം ഉണ്ടാവുമെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പ്രധാനമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുക. ഒപ്പം ശിശുവികസനവും നിര്‍ണായക ഘടകമാകും. അഹമ്മദ് അല്‍ ഫലാസി നേരത്തെ സംരംഭക വകുപ്പിന്റെ സഹമന്ത്രിയായിരുന്നു. പുതിയ ചുമതല പ്രകാരം പൊതു-സ്വകാര്യ സ്‌കൂളുകളുടെ മേല്‍നോട്ടവും, ഒപ്പം സര്‍വകലാശാലകളുടെ കാര്യങ്ങള്‍ പരിശോധിക്കുന്നതുമായിരിക്കും. സാറാ അല്‍ അമീരി അറിയപ്പെടുന്ന എഞ്ചിനീയറാണ്. യുഎഇ സ്‌പേസ് ഏജന്‍സിയെ ചരിത്രപരമായ മിഷനുകളില്‍ അവര്‍ നയിച്ചിട്ടുണ്ട്. നൂതന ശാസ്ത്ര വകുപ്പിലെ സഹ മന്ത്രിയായിരുന്നു അവര്‍.

സാറ മുസ്സല്ലം നേരത്തെ പ്രാഥമിക വിദ്യാഭ്യാസ വകുപ്പിലെ കാര്യങ്ങളാണ് തീരുമാനിക്കുക. വിദ്യാഭ്യാസ മേഖലയെ പുതിയ തലത്തിലേക്ക് നയിക്കുകയാണ് യുഎഇ ലക്ഷ്യമിടുന്നത്. നിലവാരം ഉയര്‍ത്തുകയാണ് ഞങ്ങളുടെ താല്‍പര്യമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ ഭാവി വിദ്യാഭ്യാസത്തില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന്‌ന നേരത്തെ ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.