പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി പോലീസ്. പാക് നിർമ്മിത റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് അഥവാ ആർപിജിയാണ് ആക്രമികൾ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ഏറ്റെടുത്തതിന് പിന്നാലെയാണ് പോലീസിന്റെ വെളിപ്പെടുത്തൽ.

ഗ്രനേഡ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ദ് സിംഗ് പന്നുവാണ് അറിയിച്ചത്. അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശാണെന്ന ഭീഷണിയും ഗുർപത്വന്ദ് മുഴക്കിയിരുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് അസംബ്ലിയിൽ ഖലിസ്ഥാനുമായി ബന്ധപ്പെട്ട ബാനറുകളും ചുവരെഴുത്തുകളും സ്ഥാപിച്ചതിന് പന്നുവിനെതിരെ കേസെടുത്തിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് സ്ഫോടനം നടന്നത്.

സ്ഫോടനവുമായി ബന്ധപ്പെട്ട് മൊഹാലി പോലീസ് ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി ആളുകളെ പിടികൂടി ചോദ്യം ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച ലോഞ്ചർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിരോധിത ഖാലിസ്ഥാനി സംഘടന തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്താനായാണ് ആക്രണമം അഴിച്ചുവിട്ടതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് മൊഹാലിയിൽ ഗ്രനേഡ് ആക്രമണം സിഖ് ഫോർ ജസ്റ്റിസ് സംഘടന നടത്തിയത്.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞിരുന്നു. പഞ്ചാബ് പോലീസിനോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസി പ്രത്യേക സംഘത്തെ ഇന്റലിജൻസ് ഓഫീസിലേക്ക് അയച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.