ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില വര്‍ധനയില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശനിയാഴ്ച ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഒന്നര മാസത്തിനിടെ രണ്ടാം തവണയാണ് സിലിണ്ടറിന് വില വര്‍ധിപ്പിക്കുന്നത്. ഇതിന് മുമ്ബ് മാര്‍ച്ച്‌ 22ന് 50 രൂപയും 2021 ഒക്​ടോബര്‍ ആറിന്​ 15​ രൂപയും കൂട്ടിയിരുന്നു. 2021 ജനുവരി മുതല്‍ ഒക്​ടോബര്‍ വരെ 13 തവണയായി 255.50 രൂപയാണ് വര്‍ധിപ്പിച്ചത്​.

ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്ന് വ്യത്യസ്തമായി ദരിദ്രരും ഇടത്തരക്കാരുമായ ഇന്ത്യന്‍ കുടുംബങ്ങളുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇത് പാര്‍ട്ടിയുടെ സാമ്ബത്തിക നയത്തിന്റെ കാതലാണെന്നും രാജ്യത്തെ ദശലക്ഷക്കണക്കിന് വീടുകള്‍ കടുത്ത പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും മോശം ഭരണത്തിനുമെതിരായ പോരാട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഭരണത്തിന് കീഴിലുള്ള പാചക വാതകവിലയെയും ബി.ജെ.പിയുടെ കാലത്തുള്ള പാചകവാതക വിലയെയും താരത്മ്യം ചെയ്ത് അന്നത്തെ രണ്ട് സിലിണ്ടറുകള്‍ ഇന്ന് ഒന്നിന്‍റെ വിലക്കാണ് ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. സാധാരണക്കാരനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് സ്ഥാപിച്ച സുരക്ഷാവലകളെല്ലാം മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞെന്നും ഇങ്ങനെ സംഭവിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കുമായിരുന്നില്ലെന്നും നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

യുക്രെയ്ന്‍ അധിനിവേശം പോലുള്ള പ്രതിസന്ധി കാരണം അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കൂടുന്നത്​ പാചകവാതക വിലയിലും പ്രതിഫലിക്കുന്നുവെന്നാണ്​ എണ്ണക്കമ്ബനികള്‍ പറയുന്നത്.