ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രമാണ് തല്ലുമാല. ഖാലിദിന്റെ ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് വന്‍ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.

അതിനാല്‍ തന്നെ മികച്ചൊരു സിനിമയാക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയുമാണ്.

ചിത്രത്തിലെ ‘കണ്ണില്‍ പെട്ടോളെ’ എന്ന ​ഗാനം ഈ അടുത്താണ് റിലീസായത്. പാട്ടിലെ ടോവിനോയുടെ മെയ്ക്ക് ഓവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണവാളന്‍ വസീം ആയി മൂന്ന് ഗെറ്റപ്പുകളിലാണ് നടന്‍ എത്തുന്നത്. സിനിമയ്ക്കായി ടൊവിനോ 10 കിലോയോളം ഭാരം കുറച്ചതും വാര്‍ത്തയായിരുന്നു. കൂടാതെ, ഇതുവരെ കാണാത്ത ടൊവിനോയെയാണ് ചിത്രത്തില്‍ കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. കിടിലന്‍ ഡാന്‍സ് നമ്ബറുമായാണ് താരം എത്തുന്നത്. ഇപ്പോളിതാ, വസീം എന്ന കഥാപാത്രത്തെ കുറിച്ചും തനിക്ക് ഒരിക്കലും സാധിക്കില്ല എന്നു കരുതിയ ഡാന്‍സ് സിനിമയ്ക്ക് വേണ്ടി ചെയ്തതിനെ കുറിച്ചും മനസ് തുറക്കുകയാണ് ടൊവിനോ. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘വളരെ ഭംഗിയുള്ളതും ചിലപ്പോള്‍ വളരെ മോശമായതുമായ ശരീരഭാഷ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഞാന്‍ ആസ്വദിക്കാറുണ്ട്. ചിലപ്പോള്‍ അങ്ങേയറ്റം സ്വാതന്ത്ര്യം ലഭിക്കുന്ന കഥാപാത്രങ്ങളുണ്ട്. ചെയ്യുന്നതെല്ലാം ആസ്വദിക്കാന്‍ പറ്റുന്ന സിനിമകള്‍. വസീം അതുപോലെയൊന്നോ അതിനുമപ്പുറമോ ഉള്ള കഥാപാത്രമാണ്.വര്‍ഷങ്ങള്‍ക്കുമുമ്ബ് എനിക്ക് ചില കാര്യങ്ങള്‍ ചെയ്യുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. പക്ഷേ, ഒരു കഥാപാത്രം അങ്ങനെ ആവശ്യപ്പെടുന്നു എങ്കില്‍ അത് നമ്മള്‍ ചെയ്യേണ്ടി വരും. പ്രത്യേകിച്ച്‌ നമുക്ക് ആത്‍മവിശ്വാസം നല്‍കുന്ന ഒരു നല്ല ടീം നമ്മോടൊപ്പം ഉണ്ടെങ്കില്‍’, ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.