പ്രകൃതി ഒളിപ്പിച്ച് വയ്ക്കുന്ന നിഗൂഢതകൾ ഏറെയാണ്. പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് നമ്മുടെ മുന്നിൽ ദൃശ്യമാകും. അത്തരത്തിൽ മനോഹരമായ പ്രകൃതിദൃശ്യമാണ് ഇന്ന് ഇൻറർനെറ്റിൽ ചർച്ചാ വിഷയം. തെക്കൻ യൂറോപ്പിലെ 100 വർഷം പഴക്കമുള്ള മൾബെറി (mulberry) മരത്തിൽ നിന്ന് വെള്ളം കുത്തിയൊഴുകുന്ന ദൃശ്യം ആളുകളിൽ വിസ്‌മയം ഉണർത്തുന്നു. വർഷം മുഴുവനും ഈ അത്ഭുതക്കാഴ്ച്ച നമുക്ക് കാണാൻ സാധിക്കില്ലെങ്കിലും, ഒരു പ്രത്യേക സീസണിൽ ഇത് ദൃശ്യമാകും.

ശൈത്യകാലത്തിന്റെ അവസാനത്തിലോ കനത്ത മഴക്കാലത്തോ മാത്രമാണ് മരത്തിന്റെ പൊത്തിൽ നിന്ന് വെള്ളം പുറത്തേയ്ക്ക് കുത്തിയൊഴുകുന്നത്. ഒരു വെള്ളച്ചാട്ടം പോലെ തോന്നിക്കുന്ന ഈ മനോഹര ദൃശ്യം യൂറോപ്പിലെ മോണ്ടിനെഗ്രോവിലെ ദിനോസ (Dinoša) ഗ്രാമത്തിലാണ് ഉള്ളത്. തറയിൽ നിന്ന് ഏകദേശം 1.5 മീറ്റർ ഉയരത്തിലുള്ള പൊത്തിൽ നിന്നാണ് വെള്ളം ഒഴുകുന്നത്. ഈ സംഭവം ദൈവത്തിന്റെയോ പ്രകൃതിയുടെയോ വരമായിട്ടാണ് നാട്ടുകാർ കണക്കാക്കുന്നത്.

20 വർഷം മുമ്പാണ് ആദ്യമായി ഈ മരത്തിൽ നിന്ന് വെള്ളം പുറത്തേക്ക് കുത്തിയൊഴുകാൻ തുടങ്ങിയത്. തുടർന്ന് എല്ലാ വർഷവും ഒരു പ്രത്യേക സീസണിൽ ഇത് സംഭവിക്കുന്നു. അതുപോലെ തന്നെ, ഈ പ്രതിഭാസം രണ്ടോ നാലോ ദിവസം മാത്രമേ നിലനിൽക്കൂ എന്നതും ഇതിനെ കൂടുതൽ കൗതുകകരമാക്കുന്നു. മരത്തിൽ നിന്ന് വെള്ളമൊഴുകുന്നത് കാണാൻ വിദൂരദിക്കുകളിൽ നിന്നുള്ളവരും, വിനോദസഞ്ചാരികളും മാധ്യമങ്ങളും എല്ലാ വർഷവും അവിടെ എത്തുന്നു. ഇത് ഒരു ജനപ്രിയ കേന്ദ്രമായി തീർന്നിരിക്കയാണ്. ഇലകളില്ലാത്ത മരത്തിന്റെ തടിയിൽ നിന്നാണ് ഒരു അരുവി പോലെ വെള്ളം ഒഴുകുന്നത്. ഈ മനോഹരമായ കാഴ്ചയുടെ വീഡിയോകളും ഇപ്പോൾ ഇൻറർനെറ്റിൽ വൈറലാണ്.
ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയുടെ അടിക്കുറിപ്പായിരുന്നു: “ദിനോസയിൽ നിന്നുള്ള മൾബറി വീണ്ടും ഒരു അരുവിയായി മാറുന്നു.”

കനത്ത മഴയിൽ ഭൂഗർഭ നീരുറവകൾ നിറഞ്ഞ് കവിയുന്നു. അവയുടെ ശക്തമായ മർദ്ദം വെള്ളം മുകളിലേയ്ക്ക് വരാൻ കരണമാകുന്നു. മൾബറി മരത്തിന്റെ വിടവിലൂടെ ഈ വെള്ളം പുറത്തേക്ക് കുത്തി ഒലിച്ച് പോകുന്നു. “ഈ പ്രദേശത്ത് പുരാതന ജലസംഭരണികൾ ഉണ്ട്. സിജേവ നദിയിൽ നിന്നുള്ള ഒരു നീരുറവയുടെ സമീപത്താണ് മരം വളരുന്നത്. നീരുറവകളിൽ മഴവെള്ളം നിറയുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം മൂലം മരത്തിന്റെ വിടവിലൂടെ വെള്ളം പുറത്തേയ്ക്ക് കുത്തി ഒലിച്ച് പോകുന്നു” ഒരു ഉപയോക്താവ് പോസ്റ്റിന്റെ കമന്റ് വിഭാഗത്തിൽ എഴുതി.

പ്രകൃതിയിലെ മനോഹരമായ പ്രതിഭാസങ്ങൾക്ക് മറ്റൊരു ഉദാഹരണമാണ് എസ്റ്റോണിയൻ ഗ്രാമമായ തുഹാലയിൽ നിലകൊള്ളുന്ന ഒരു കിണർ. മഴ പെയ്താൽ ഈ കിണറിലെ വെള്ളം നിറഞ്ഞ് കവിഞ്ഞ് പുറത്തേയ്ക്ക് ഒഴുകും. അതിന് കാരണം, കിണറിന് താഴെ ഒരു ഭൂഗർഭ നദിയാണ് എന്നതാണ്. മഴവെള്ളം നദിയിലേക്ക് ഒഴുകുമ്പോൾ സമ്മർദ്ദം മൂലം കിണറ്റിലെ ജലം പുറത്തേക്ക് തെറിക്കുന്ന നിലയിലേക്ക് ഉയരുന്നു. ഇത് ചിലപ്പോൾ അര മീറ്റർ വരെ ഉയരത്തിൽ പോകാം.