ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഇന്ന് പുറത്തിറക്കും. ആദ്യഘട്ടത്തിൽ 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാകും പ്രഖ്യാപിക്കുക. 4 മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുകയാണെന്ന് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.

ഇന്നലെ കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി ഹരാക് സിംഗ് റാവത്തിനെ കോട്ദ്വാർ മണ്ഡലത്തിൽ പരിഗണിച്ചേക്കും. കഴിഞ്ഞവർഷം ബിജെപിയിൽ നിന്ന് കോൺഗ്രസിൽ മടങ്ങിയത്തിയ യശ്പാൽ ആര്യയുടെ മകൻ സഞ്ജയ് ആര്യയും സ്ഥാനാർഥിയായേക്കും. ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ച ബിജെപി ശേഷിക്കുന്ന 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടരുകയാണ്.

59 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സിറ്റിങ് സീറ്റായ ഖട്ടിമ നിന്ന് തന്നെ ജനവിധി തേടും. ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് ഹരിദ്വാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് പുറത്താക്കിയതിന് പിന്നാലെ ബിജെപിയിലേക്ക് ചേക്കേറിയ സരിത ആര്യയാണ് നൈനിറ്റാൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി.

ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 18 പേർ പുതുമുഖങ്ങളും, ആറു പേർ വനിതകളുമാണ്. ശേഷിക്കുന്ന 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികൾക്കായി അവസാനഘട്ട ചർച്ചയിലാണ് ബിജെപി.

അതേസമയം, സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് മത്സരിക്കാനില്ലെന്ന്‌ ഉത്തരാഖണ്ഡ്‌ മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ താൽപ്പര്യമെന്ന് വ്യക്തമാക്കി അധ്യക്ഷൻ ജെ പി നഡ്ഡയ്‌ക്ക്‌ കത്തയച്ചു. “സംസ്ഥാനത്ത് കാവൽ മാറ്റമുണ്ട്. പുഷ്‌കർ സിംഗ് ധാമിയിലൂടെ ഒരു യുവ നേതാവിനെ ലഭിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് കരുതുന്നു. എന്റെ വികാരങ്ങൾ ഞാൻ പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നു. “- ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.