ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രോ ഡാഡിയുടെ ഗാനം എത്തി. മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പുറത്തിറക്കിയത്.

പറയാതെ വന്നെന്‍ ജീവനില്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ലക്ഷ്മി ശ്രീകുമാറിന്റേതാണ് വരികള്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഈ മാസം 26-ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.