തിരുവനന്തപുരം: പാര്‍ട്ടി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മെഗാ തിരുവാതിര സംഘടിപ്പിച്ചതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ഇടുക്കിയില്‍ കുത്തേറ്റു മരിച്ച ധീരജിന്റെ വിലാപയാത്ര നടക്കുന്ന വേളയിലാണ്, സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി സമൂഹ തിരുവാതിര സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ, പാര്‍ട്ടി സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തോട് വിശദീകരണം തേടി.

ധീരജിന്റെ രക്തസാക്ഷിത്വം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷത്തെ അവഗണിച്ച് ജില്ലാ നേതൃത്വം മെഗാ തിരുവാതിര നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. വെകാരിക ഘട്ടത്തില്‍ തിരുവാതിര നടത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി എന്നും നേതൃത്വം വിലയിരുത്തി.

തിരുവാതിരയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കുന്നുണ്ട്. ഇതിലും പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇത്. വ്യക്തിപൂജകളെ എതിര്‍ക്കുന്നതാണ് പാര്‍ട്ടി നിലപാടെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മുമ്പ് വ്യക്തിപൂജയുടെ പേരില്‍ പി ജയരാജനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

തെറ്റായിപ്പോയെന്ന് ആനാവൂർ നാ​ഗപ്പൻ

അതേസമയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര നടത്തിയത് തെറ്റായിപ്പോയെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. പരിപാടി മാറ്റിവയ്‌ക്കേണ്ടതായിരുന്നു. എല്ലാവരും തയ്യാറായി വന്നപ്പോൾ പരിപാടി മാറ്റിവയ്ക്കാൻ പറയാൻ സാധിച്ചില്ലെന്നും ആനാവൂർ നാഗപ്പൻ കൂട്ടിച്ചേർത്തു.കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ അഞ്ഞൂറിലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര നടത്താൻ പാടില്ലായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടിയും വിമർശിച്ചിരുന്നു.

തിരുവാതിരയിൽ പങ്കെടുത്തത് 500 ലേറെ പേർ

ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂള്‍ ഗ്രൗണ്ടിലാണ് തിരുവാതിര നടന്നത്. തിരുവാതിരയില്‍ 502 പേരാണ് പങ്കെടുത്തത്. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന കോവിഡ് നിയന്ത്രണം നിലനില്‍ക്കെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കാഴ്ചക്കാരനായി എംഎ ബേബിയും

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി കെ ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ തിരുവാതിര കാണാനെത്തിയിരുന്നു. അഞ്ഞൂറോളം പേര്‍ പരിപാടി കാണാനുമെത്തിയിരുന്നു. പരിപാടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 550 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.