മരക്കാർ ഒടിടിയിൽ കരാർ ഒപ്പുവച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മോഹൻലാൽ. തീയറ്റർ റിലീസ് ചെയ്യാനാണ് സിനിമ എടുത്തതെന്നും 625 സ്‌ക്രീനിൽ മരക്കാർ റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീയറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടി യിൽ എത്തുമെന്ന് സംവിധായകൻ പ്രിയദർശനും അറിയിച്ചു. സീറ്റിങ് 50% മാത്രമാണ് ഉള്ളതെങ്കിലും ചിത്രത്തിന്റെ വിജയത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു.

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ രണ്ടിനാണ് മരക്കാർ റിലീസിനെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം