മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ച് വാചാലനാകുന്ന മലയാളികളുടെ പ്രിയനടൻ നെടുമുടി വേണുവിന്റെ വീഡിയോ പങ്ക് വച്ച് നടൻ മോഹൻലാൽ. നെടുമുടിവേണുവിന്റെ അവസാന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. നെടുമുടി വേണുവിനെ അനുസ്മരിക്കുന്ന ഒരു കുറിപ്പോടു കൂടിയാണ് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘മരക്കാർ സ്‌നേഹം!. വാക്കുകളിലും പ്രവർത്തിയിലും സ്‌നേഹം എപ്പോഴും വാരിനിറച്ചിരുന്ന വേണുച്ചേട്ടൻ, മരയ്‌ക്കാർ എന്ന നമ്മുടെ സ്വപ്നസിനിമയെക്കുറിച്ച് പറഞ്ഞതും അതുതന്നെയാണ്. എല്ലാ സ്‌നേഹത്തേക്കാളും മുകളിൽ നിൽക്കുന്നതും എല്ലാ സ്‌നേഹത്തേക്കാളും വാഴ്‌ത്തപ്പെടേണ്ടതും, ദേശസ്‌നേഹമാണെന്ന് സത്യം. ഒരു വലിയ കൂട്ടായ്മയുടെ കഠിനപ്രയത്‌നത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമായി ഉടലെടുത്ത ഈ സിനിമയിലെ നിറസാന്നിധ്യം ആയിരുന്നു വേണുച്ചേട്ടൻ എന്ന ആ വലിയ കലാകാരൻ. മരയ്‌ക്കാർ സിനിമയെക്കുറിച്ച്, അന്നും ഇന്നും എന്നും ഞങ്ങളുടെ എല്ലാമെല്ലാമായ വേണുച്ചേട്ടന്റെ വാക്കുകൾ…’ എന്നാണ് മോഹൻലാൽ ഈ വീഡിയോക്കൊപ്പം ചേർത്തിരിക്കുന്നത്.

സ്‌നേഹം, പ്രണയം, പ്രതികാരം ഇതൊക്കെ സിനിമയിലായാലും നാടകത്തിലായാലും കഥകളിലായാലും കവിതകളിലായാലും ലോകമെമ്പാടും എന്നും സ്വീകരിക്കുന്ന വിഷയങ്ങളാണ്. അതിനും ഒരുപിടി മുകളിൽ സ്വീകരിക്കുന്നതാണ് സ്വന്തം നാടിനോടുളള സ്‌നേഹം, സ്വന്തം കൂടപ്പിറപ്പുകളോടുള്ള സ്‌നേഹം, പിറന്ന മണ്ണിനോടുള്ള സ്‌നേഹം. ഇതിനൊക്കെ വേണ്ടി പടപൊരുതുകയും ജയിക്കുകയും ചിലപ്പോൾ വീരചരമം പ്രാപിക്കുകയും ചെയ്യുന്ന ധീരയോദ്ധാക്കളുടെ കഥകൾ. അങ്ങനെ ലോകഭൂപടത്തിന്റെ മുൻപിൽ വളരെ ചെറിയ സ്ഥലമായ കേരളത്തിന്റെ ഒരു കോണിൽ ചരിത്രവും കെട്ടുകഥകളും ഭാവനയും എല്ലാം കൂടിക്കുഴഞ്ഞുള്ള ഒരു കഥയാണ് കുഞ്ഞാലിമരക്കാറുടേത്. ഈ കഥ ലോകമെമ്പാടമുള്ള ചലച്ചിത്രപ്രേമികൾക്ക് സ്വീകാര്യമാവുക എന്ന രീതിയിൽ ചിത്രീകരിക്കുക എന്നതാണ് ആശിർവാദ് സിനിമാസും, സംവിധായകൻ പ്രിയദർശനും ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി. ഒരു പക്ഷേ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിയേക്കാവുന്ന സിനിമയിൽ ഒരു പങ്കാളിയാകാൻ കഴിഞ്ഞതിലുള്ള സന്തോഷം ചാരിതാർത്ഥ്യം പ്രേക്ഷകരോട് പങ്കുവയ്‌ക്കാനാണ് ഈ അവസരം ഞാൻ ഉപയോഗിക്കുന്നത്.

ഈ ചിത്രത്തിൽ സാമൂതിരിയായാണ് ഞാൻ അഭിനയിക്കുന്നത്. കോഴിക്കോട് സാമൂതിരി. ഹിസ്‌ഹൈനസ് അബ്ദുള്ള, ദയയിലെ അറബ് രാജാവ് തുടങ്ങിയവയ്‌ക്ക് ശേഷം കിട്ടുന്ന ഒരു രാജാവിന്റെ വേഷമാണിത്. വിദേശ ശക്തികൾക്കിടയിലും, കുടുംബകലഹത്തിലും കുത്തിത്തിരുപ്പുകൾക്കിടയിലും രാജ്യത്ത് തന്നെയുള്ള സാമന്തൻമാരുടെ തിരിമറിയിലും പെട്ട് ഞെരുങ്ങുന്ന ഒരു പാവം രാജാവാണ് ഇദ്ദേഹം. എന്തായാലും കാണാൻ പോകുന്ന പൂരമാണ്. അതിനെപ്പറ്റി കൂടുതൽ വിവരിക്കേണ്ട കാര്യമില്ല. എന്തായാലും നന്നായി വരട്ടെ. നമുക്ക് എല്ലാവർക്കും ആഗ്രഹിക്കാം. പ്രാർത്ഥിക്കാം. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.