തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കുന്ന നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാട് ആശ്വാസകരമെന്ന് അനുപമ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അനുപമ പറഞ്ഞു. ഇതോടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ചു.
‘വളരെയധികം സന്തോഷം തോന്നുന്നുണ്ട് ഇങ്ങനെയൊരു മറുപടി സര്‍ക്കാരില്‍ നിന്നും ലഭിച്ചതില്‍. ഇന്നീ സമരം കഴിഞ്ഞ് വഞ്ചിയൂര്‍ കോടതിയിലേക്ക് പോകാനിരുന്നതാണ്. കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന് കുറച്ചുകൂടി വിശ്വാസവും സന്തോഷവും തോന്നുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ ഇപ്പോള്‍ തൃപ്തിയുണ്ട്. എനിക്കുണ്ടായ ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്’- അനുപമ പറഞ്ഞു.

ദത്ത് നല്‍കുന്ന നടപടി ക്രമങ്ങള്‍ നിര്‍ത്തി വെക്കാന്‍ ശിശുക്ഷേമ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അനുപമയുടെ പരാതി സര്‍ക്കാര്‍ വഞ്ചിയൂര്‍ കോടതിയെ അറിയിക്കും. ഇതിനായി സര്‍ക്കാര്‍ പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.