തൃശൂര്‍: ചാലക്കുടി പരിയാരത്ത്​ 15 വീടുകളില്‍ വെള്ളംകയറി. കപ്പത്തോട്​ കരകവിഞ്ഞാണ്​ വീടുകളില്‍ വെള്ളം കയറിയത്​. ആതിരപ്പള്ളി വനമേഖലയില്‍ ഉരുള്‍​െപാട്ടലുണ്ടായെന്ന്​ സംശയമുണ്ട്​. അതേസമയം, സംസ്ഥാനത്ത്​ ഇന്നും മഴക്ക്​ സാധ്യതയുണ്ടെന്നാണ്​​ കാലാവസ്ഥ പ്രവചനം. തമിഴ്​നാട് തീരത്തിനടുത്ത്​ രൂപംകൊണ്ട ചക്രവാതചുഴിയാണ്​ കേരളത്തില്‍ മഴക്കുള്ള കാരണം.

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന്​ ​ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്​, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​​. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ചില ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്​ അറിയിച്ചു.

അതേസമയം, വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇടുക്കി, കക്കി ഡാമുകള്‍ റെഡ് അലര്‍ട്ടില്‍ നിന്നും ഇന്നലെ ഓറഞ്ച് അലര്‍ട്ടിലേക്ക് മാറി. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്​.