ദുബായ്: ഇന്ത്യ, അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഓണ്‍ലൈനിലൂടെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എന്നിവരുമായി ശൈഖ് അബ്ദുള്ള കൂടിക്കാഴ്ച്ച നടത്തിയത്.

നാല് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്ബത്തിക ബന്ധങ്ങളെക്കുറിച്ചും സാമ്ബത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പൊതുവായ മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും നേതാക്കള്‍ സംസാരിച്ചു. യുഎഇ, യുഎസ്, ഇന്ത്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചര്‍ച്ചയില്‍ ശൈഖ് അബ്ദുള്ള ഉയര്‍ത്തിക്കാട്ടി. നാല് രാജ്യങ്ങള്‍ക്കിടയില്‍ സാമ്ബത്തിക സഹകരണത്തിനുള്ള വാഗ്ദാന സാധ്യതകള്‍ പര്യവേക്ഷണം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് പകര്‍ച്ചവ്യാധിയും അതിന്റെ വെല്ലുവിളികളും അന്താരാഷ്ട്ര സഹകരണം വികസിപ്പിക്കുന്നതിന്റെയും ആഗോള സാമ്ബത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും സമൂഹത്തില്‍ സുസ്ഥിരമായ വികസനം കൈവരിക്കുന്നതിനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിന്റെ പ്രാധാന്യവും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി.