ദക്ഷിണ കൊറിയന്‍ സീരീസ് സ്ക്വിഡ് ഗെയിമിന്റെ ആവേശത്തിലാണ് സീരീസ് പ്രേമികള്‍. സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്താണ് ഈ കൊറിയന്‍ സീരീസ് നെറ്റ്ഫ്ലിക്സില്‍ മുന്നേറുന്നത്.

നെറ്റ്ഫ്ലിക്സ് ചരിത്രത്തിലെ എക്കാലത്തേയും ഹിറ്റായി സ്ക്വിഡ് ഗെയിം ഇതിനകം മാറിക്കഴിഞ്ഞു. 111 മില്യണിലധികം ഉപഭോക്താക്കളാണ് നെറ്റ്ഫ്ലിക്സില്‍ ഇതുവരെ സീരീസ് കണ്ടു കഴിഞ്ഞത്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ലോഞ്ചിങ്ങാണ് സ്ക്വിഡ് ഗെയിമിന് ലഭിച്ചതെന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

സ്ക്വിഡ് ഗെയിം കണ്ട ഇന്ത്യക്കാരെല്ലാം അതിലെ അലി അബ്ദുല്‍ എന്ന കഥാപാത്രത്തെ ശ്രദ്ധിച്ചു കാണും. കൊറിയന്‍ താരങ്ങള്‍ക്കൊപ്പം ആദ്യാവസാനം കട്ടയ്ക്ക് നിന്ന അലിയെ കണ്ടാല്‍ ഒരു ഇന്ത്യന്‍ ഛായ തോന്നിയെങ്കില്‍ അതില്‍ കാര്യമുണ്ട്.

ഇന്ത്യക്കാരനായ അനുപം ത്രിപാഠിയാണ് അലി അബ്ദുല്‍ എന്ന പാകിസ്ഥാന്‍ സ്വദേശിയായി സ്ക്വിഡ് ഗെയിമില്‍ എത്തിയത്. സ്ക്വിഡ് ഗെയിം അവസാന എപ്പിസോഡും കണ്ടു തീര്‍ത്താല്‍ വേദനയോടെ ഓര്‍ക്കുന്ന നിരവധി കഥാപാത്രങ്ങളില്‍ ഒരാളാണ് അലിയും.

സ്ക്വിഡ് ഗെയിമിന്റെ ചരിത്ര നേട്ടത്തിന്റെ സന്തോഷത്തിലാണ് മറ്റ് താരങ്ങളെ പോലെ അനുപം ത്രിപാഠിയും. ഇന്റര്‍നെറ്റിലെ പുതിയ സെന്‍സേഷനാണ് അലി എന്ന അനുപം.

ഉയരങ്ങളിലെത്തുമ്ബോഴും തന്റെ അമ്മയുടെ വാക്കുകളാണ് അനുപം ഓര്‍ക്കുന്നത്. വിജയത്തില്‍ വല്ലാതെ അഹങ്കരിക്കരുത്. കാല്‍ ഭൂമിയില്‍ തന്നെ ഉറച്ച്‌ നില്‍ക്കണം. എന്നാണ് അനുപമിന്റെ അമ്മയുടെ ഉപദേശം.

ലോകം മുഴുവന്‍ തന്റെ മകനെ കുറിച്ച്‌ സംസാരിക്കുന്നു എന്നറിഞ്ഞപ്പഴാണ് അനുപമിന്റെ അമ്മയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. എത്ര ഉയരങ്ങള്‍ കീഴടക്കിയാലും വന്ന വഴി മറക്കരുതെന്നും അഹങ്കരിക്കരുതെന്നും മകനെ ഉപദേശിക്കുകയാണ് ഈ അമ്മ.

തന്റെ വിജയത്തില്‍ ലോകത്ത് ഏറ്റവും സന്തോഷിക്കുന്നത് അമ്മയാണെന്നാണ് അനുപം പറയുന്നത്.

സ്ക്വിഡ് ഗെയിമില്‍ പ്ലേയര്‍ 199 ആയിരുന്നു അനുപം. ഷോയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നും നിഷ്കളങ്കനായ അലി അബ്ദുല്‍ തന്നെ. ഇന്‍സ്റ്റഗ്രാമില്‍ വെറും മൂവായിരം മാത്രമുണ്ടായിരുന്ന അനുപം ത്രിപാഠിയുടെ ഫോളോവേഴ്സിന്റെ എണ്ണം ഇന്ന് മൂന്ന് മില്യണിലധികമാണ്.

സീരീസ് പുറത്തിറങ്ങിയ സെപ്റ്റംബര്‍ 17 വരെ തന്നെ അറിയുന്നവര്‍ മൂവായിരം പേരായിരുന്നു. സീരീസ് പുറത്തിറങ്ങിയതിന് ശേഷം നിര്‍ത്താതെ തനിക്ക് സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അനുപം പറയുന്നു.

പതിനൊന്ന് വര്‍ഷമായി കൊറിയയിലാണ് അനുപം ത്രിപാഠി. പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകുന്നു. ന്യൂഡല്‍ഹിയിലാണ് അനുപം ജനിച്ചു വളര്‍ന്നത്. അമ്മ ഇപ്പോഴും ഡല്‍ഹിയിലാണ് താമസിക്കുന്നത്.