കേരളത്തിൽ ഫുട്ബോളിന്റെ സമഗ്ര വളർച്ചയ്ക്കായി ദീർഘകാല കരാർ ഒപ്പിട്ട് കേരള ഫുട്ബോൾ അസോസിയേഷനും സ്കോർ ലൈൻ സ്പോർട്സും. ഫുട്ബോൾ അസോസിയേഷന്റെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കൺസോർഷ്യം കൂടിയാകും പങ്കാളിത്തം. കെ എഫ് എ യെ സ്വകാര്യ വൽക്കരിക്കാനുള്ള തീരുമാനം നേരത്തെ വിവാദമായിരുന്നു.

കേരള ഫുട്ബോൾ അസോസിയേഷന്റെ വാണിജ്യ അവകാശങ്ങൾ 12 കൊല്ലത്തേക്കാണ് കൺസോഷ്യം വിഭാവനം ചെയ്യുന്നത്. കരാറിൽ പറയുന്ന വ്യവസ്ഥകളിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദ് ചെയ്യാമെന്ന വ്യവസ്ഥയുമുണ്ട്. കേരള ഫുട്ബോൾ അസോസിയേഷനൊപ്പം മീരൻസ് സ്പോർട്സ് ലൈൻ, സ്കോർ ലൈൻ സ്പോർട്സ് എന്നിവരുമാണ് കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്. കൺസോഷ്യത്തിന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നിയമാനുസൃത ക്ലിയറൻസും ലഭിച്ചിട്ടുണ്ട്

അതേ സമയം കേരള ഫുട്ബോൾ അസോസിയേഷനെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. കെ എഫ് എ യുടെ ജനാധിപത്യ വ്യവസ്ഥിതിയും സാമ്പത്തിക അടിത്തറയും തകർക്കുമെന്നതായിരുന്നു ആരോപണം. ഇതിനെ മറികടന്നാണ് ഇപ്പോൾ കെ എഫ് എ യും സ്വകാര്യ കമ്പനികളും ചേർന്ന് കരാറിൽ ഒപ്പ് വെച്ചത്.