തെഹ്​റാന്‍:ഇറാന്റെ ആദ്യ പ്രസിഡന്റ് അബുല്‍ ഹസന്‍ ബനിസദര്‍ അന്തരിച്ചു. 88 വയസായിരുന്നു. പാരീസിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ദീര്‍ഘകാലമായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു.

വിപ്ലവത്തിനു പിറകെ രാജ്യത്തെ പരമോന്നത നേതാവ് റൂഹുല്ല ഖഉമൈനി അടക്കമുള്ള മതപണ്ഡിതരുടെ പൂര്‍ണ പിന്തുണയോടെയാണ് അബുല്‍ഹസന്‍ ബനിസദര്‍ ഇറാന്റെ നേതാവായി ഉയര്‍ന്നുവരുന്നത്. ഇറാന്‍ പരമോന്നത നേതാവായിരുന്ന റൂഹുല്ല ഖുമൈനിയുടെ സുഹൃത്തായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്​. യൂറോപ്പിലായിരുന്നു ബനിസദ്​റിന്റെ വിദ്യാഭ്യാസം. ഇസ്​ലാമിക വിപ്ലവത്തിനു ശേഷം 1980ല്‍ ഇറാന്റെ ആദ്യ പ്രസിഡന്‍റായി ബനിസദ്​റിനെ തെരഞ്ഞെടുത്തു.

വന്‍ഭൂരിപക്ഷത്തിന്റെ ബലത്തിലായിരുന്നു ബനിസദറിന്റെ അധികാരാരോഹണം. നാലുവര്‍ഷമായിരുന്നു ഭരണകാലയളവ്. ഇതോടൊപ്പം രാജ്യത്തിന്റെ സൈനികത്തലവനായും ഖുമൈനി അദ്ദേഹത്തെ നിയമിച്ചു. മതവേഷം ധരിച്ച പണ്ഡിതനേതൃത്വത്തിനിടയില്‍ പടിഞ്ഞാറന്‍ശൈലിയിലായിരുന്നു അദ്ദേഹം നടന്നത്. അപ്പോഴും രാജ്യത്തിന്റെ പരമോന്നത പണ്ഡിതസഭയും ആചാര്യനും അദ്ദേഹത്തോടൊപ്പം തന്നെ നിലയുറപ്പിച്ചു.

എന്നാല്‍ തെഹ്​റാനില്‍ യു.എസ്​ എംബസി സ്​ഥാപിച്ചതും ഇറാന്‍-ഇറാഖ്​ യുദ്ധവും അദ്ദേഹത്തി​ന്​ വെല്ലുവിളിയായി. അതിനു ശേഷം ഖുമൈനി അടക്കമുള്ള നേതാക്കളുമായി തെറ്റിപ്പിരിഞ്ഞു.1981ല്‍ ഖുമൈനിയുടെ പിന്തുണയോടെ ഇദ്ദേഹത്തെ ഇംപീച്ച്‌​ ചെയ്​തു. പൊലീസ്​ പിടികൂടുമെന്നായപ്പോള്‍ ഫ്രാന്‍സിലേക്ക്​ കടന്ന ബനിസദ്​ര്‍ മരണം വരെ അവിടെയാണ്​ ജീവിച്ചത്​.