ഹോപ് പ്രോബില്‍ നിന്നുള്ള ബഹിരാകാശത്തെ അപൂര്‍വദൃശ്യങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ.ഹോപ്പ് പ്രോബ് പുറത്തുവിട്ട പുതിയ ചിത്രങ്ങളും വിവരങ്ങളും യുഎ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പങ്കുവെച്ചത്. ഹോപ്പ് പ്രോബ് പങ്കുവെച്ച പുതിയ വിവരങ്ങള്‍ കൂടുതലും ചൊവ്വാ ഉപരിതലത്തിലെ വാതകങ്ങളുടെ സ്വഭാവത്തെ കുറിച്ചുള്ളതാണ്.

പകല്‍സമയം അന്തരീക്ഷത്തിലെ അറ്റോമിക് ഓക്സിജന്‍, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവയുടെ സാന്ദ്രതയിലുണ്ടാകുന്ന വ്യത്യാസങ്ങളില്‍ ചൊവ്വാ ഗ്രഹത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് ചിത്രം. തീര്‍ത്തും അപ്രതീക്ഷിതമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹോപ് പ്രോബിന്റെ ഇ.എം.യു.എസ്. ഉപകരണം പകര്‍ത്തിയ ചിത്രങ്ങളെന്ന് എമിറേറ്റ്സ് ചൊവ്വാ ദൗത്യത്തിന്റെ സയന്‍സ് ലീഡ് ഹെസ്സ അല്‍ മാത്രൂഷി പറഞ്ഞു. നിലവില്‍ ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ചുള്ള ധാരണകള്‍ തിരുത്തുന്നതാണ് ഇവ. ചൊവ്വയുടെ മുകള്‍ അന്തരീക്ഷത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന അള്‍ട്രാവയലറ്റ് വികിരണത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ മുന്‍ധാരണയെ പുതിയ കണ്ടെത്തലുകള്‍ ചോദ്യം ചെയ്യും.