ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കെതിരെ മുതിർന്ന സ്പിന്നർ ആർ അശ്വിൻ ബിസിസിഐയോട് പരാതിപ്പെട്ടെന്ന് റിപ്പോർട്ട്. ന്യൂസ് ഏജൻസി ഐഎഎൻഎസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ടീമിൽ കോലി തനിക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്നു എന്ന് അശ്വിൻ ബിസിസിഐ സെക്രട്ടറി ജയ് ഷായോട് പരാതിപ്പെട്ടു എന്നാണ് റിപ്പോർട്ട്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അശ്വിൻ കുറച്ചുകൂടി നന്നായി കളിക്കണമായിരുന്നു എന്ന് കോലി പറഞ്ഞു എന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തെ ബെഞ്ചിലിരുത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടി-20 ലോകകപ്പ് സ്ക്വാഡിൽ നിന്ന് അശ്വിനെ ഒഴിവാക്കണമെന്ന് കോലി നിലപാട് എടുത്തിരുന്നു എന്നും രോഹിത് ശർമ്മയാണ് അശ്വിനെ പിന്തുണച്ചതെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

ലോകകപ്പിന് ശേഷം ടി-20 നായക സ്ഥാനം ഒഴിയുമെന്ന് കോലി അറിയിച്ചിരുന്നു. ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നും വിരാട് കോലി പറയുന്നു. ട്വിറ്ററിലൂടെയാണ് വിരാട് ഇക്കാര്യം അറിയിച്ചത്.

ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് വിരാട് പറയുന്നു. ഒൻപത് വർഷത്തോളമായി മൂന്ന് ഫോർമാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വർഷമായി നായകനെന്ന നിലയിൽ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നൽകണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി-20യിൽ ബാറ്റ്‌സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിക്കുന്നു.

ഏറെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്. രവി ശാസ്ത്രി, രോഹിത് ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്തു. ഒക്ടോബറിൽ നടക്കുന്ന ട്വന്റി-20 വേൾഡ് കപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് സിംഗ്, സെലക്ടർമാർ ഉൾപ്പെടെയുള്ളവരോടും തീരുമാനം പറഞ്ഞിരുന്നു. തന്റെ കഴിവിന്റെ മുഴുവൻ പുറത്തെടുത്ത് ഇനിയും ഇന്ത്യൻ ക്രിക്കറ്റിനായി സേവനം തുടരുമെന്നും വിരാട് കൂട്ടിച്ചേർത്തു.

അതേസമയം, ഏകദിന ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ രവി ശാസ്ത്രി വിരാട് കോലിയെ ഉപദേശിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. പരിമിത ഓവർ മത്സരങ്ങളിലെ ക്യാപ്റ്റൻ സ്ഥാനം മറ്റാരെയെങ്കിലും ഏല്പിക്കാൻ ശാസ്ത്രി ഉപദേശിച്ചു എന്നും അത് കോലി പരിഗണിച്ചില്ലെന്നുമാണ് റിപ്പോർട്ട്. പകരം ടി-20 ലോകകപ്പ് സ്ഥാനം മാത്രം ഉപേക്ഷിക്കുകയാണ് താരം ചെയ്തത്.