ചവറയില്‍ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിപിഐഎം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്.

അമേരിക്കന്‍ മലയാളിയായ ഷഹി വിജയന്റെ സഹോദരന്റെ മകനുമായാണ് ബിജു ഫോണില്‍ സംസാരിച്ചിരിക്കുന്നത്. സിപിഐഎം ചവറ എല്‍സി മെമ്പര്‍ എന്ന് പരിചയപ്പെടുത്തിയാണ് ബിജുവിന്റെ ഫോണ്‍ കോള്‍ തുടങ്ങുന്നത്. ശ്രീകുമാര്‍ മന്ദിരത്തിനായി 10000 രൂപയുടെ പിരിവ് എഴുതിയിട്ടിട്ട് രണ്ട് വര്‍ഷമായി. നിങ്ങള്‍ വരുമ്പോഴൊക്കെ കളിയാക്കി വിടുകയാണെന്ന് ബിജു ഫോണ്‍ കോളില്‍ പറയുന്നു. ‘ഇനി പിരിവ് വേണ്ട. ഓഡിറ്റോറിയം നില്‍ക്കുന്ന 72 സെന്റ് വസ്തു അല്ലാതെ ബാക്കി സ്ഥലത്ത് ഒരു ലോഡ് മണ്ണ് പോലും ഇടില്ല. നാളെ രാവിലെ അവിടെ കൊടുകുത്താന്‍ പോവുകയാണ്. നാളെ കൃഷി ഓഫീസറും വില്ലേജ് ഓഫീസറും തഹസില്‍ദാറും അവിടെ വരും’ എന്നായിരുന്നു ഫോണ്‍ കോള്‍.

ബിജു തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടായിരുന്നു സിപിഐഎം ജില്ലാ നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ നടപടിയില്‍ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയുണ്ടായത്. വ്യവസായി തനിക്ക് തരാമെന്നു പറഞ്ഞ പണമാണ് താന്‍ ആവശ്യപ്പെട്ടത് എന്നായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ വാദം .

അതേസമയം സംസ്ഥാനത്ത് നോക്കുകൂലിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.