കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയാണ് കെ. സുധാകരൻ കർദിനാളിനെ സന്ദർശിച്ചത്. നാർക്കോട്ടിക് ജിഹാദ് വിവാദങ്ങളുമായി ബന്ധപ്പെട്ട അനുനയ ചർച്ചകളുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ സമവായ നീക്കം നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. പക്ഷേ സർക്കാർ ചെന്നായയെ പോലെ അവസരം കാത്തിരിക്കുന്ന അവസ്ഥയാണെന്നും ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതീക്ഷാ നിർഭരമായ മറുപടിയാണ് ലഭിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.

സമൂഹത്തിൽ മത സൗഹാർദ്ദം നിലനിർത്താൻ എല്ലാക്കാലവും നിന്നതുപോലെ ഇനിയും ക്രിസ്ത്യൻ സമുദായം ഒപ്പമുണ്ടാകും എന്ന് ബിഷപ്പ് ഉറപ്പുനൽകിയിട്ടുണ്ട്. അതിനുവേണ്ട സഹായങ്ങൾ നൽകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടെയുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകളുണ്ടാകും. മുസ്ലിം സമുദായ നേതാക്കളുമായും ചർച്ച നടത്തും.

വർഗീയത ഉയർത്തുന്ന വിഷയങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കോൺഗ്രസിനുണ്ട്. വിവാദങ്ങളിൽ സമവായത്തിന് സർക്കാർ മുൻകൈ എടുത്തില്ലെന്ന് മാത്രമല്ല, പോസിറ്റിവ് സമീപനം പോലും സർക്കാരിൽ നിന്നുണ്ടായില്ല. ചെവി കേൾക്കുന്നവൻ കേൾക്കാത്തവനായി അഭിനയിക്കുന്നത് പോലെയാണ് സർക്കാർ ചെയ്യുന്നത്. കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.