തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണ ജോര്‍ജും അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബയോബബിള്‍ സംവിധാനം പ്രകാരമാവും സ്കൂളുകളുടെ പ്രവര്‍ത്തനമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരു വകുപ്പുകളുടെയും സംയുക്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗരേഖ അവതരിപ്പിക്കും. അതിനായി സമ്ബൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. എല്ലാ വിശദാംശങ്ങളും ഇതിനായി പരിശോധിക്കും. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവരുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കുളുകളില്‍ ബയോബബിള്‍ സുരക്ഷ നടപ്പാക്കും. ഒട്ടും ആശങ്കയ്ക്ക് ഇടമില്ലാത്ത തരത്തില്‍ കുട്ടികളെ സുരക്ഷിതരായി സ്‌കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാകാത്ത തരത്തില്‍ ക്രമീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാലയങ്ങള്‍ തുറക്കുമ്ബോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളും എല്ലാ വിദ്യാലയങ്ങളും സ്വീകരിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കും. സ്‌കൂളുകളിലും മാസ്‌കുകള്‍ നിര്‍ബന്ധമായും കരുതണമെന്നും അവര്‍ പറഞ്ഞു.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാവുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.