സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഔട്ട്‌ലെറ്റുകളിലും അടിസ്ഥാന സൗകര്യങ്ങളില്ല. കോടതി ഇടപെടല്‍ ഉണ്ടാകുമ്പോള്‍ മാത്രമേ നടപടി എടുക്കുന്നുള്ളൂവെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ മദ്യവില്‍പന ശാലകളിലെ തിരക്ക്(beverages outlet crowd) കുറയ്ക്കാന്‍ പ്രവര്‍ത്തനസമയം കൂട്ടിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആള്‍കൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നു. ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്‌കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തൊണ്ണൂറ്റിയാറ് വില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായും തിരക്ക് കുറയ്ക്കാന്‍ രാവിലെ ഒന്‍പത് മണിക്ക് മുന്‍പായി മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.