സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തിൽ മാറ്റം. ബാറുകൾ രാവിലെ ഒൻപത് മണിക്ക് തുറക്കാനാണ് പുതിയ തീരുമാനം.

ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, മദ്യ വിതരണം പാഴ്‌സലായി മാത്രമേ ഉണ്ടാകൂ.

ലോക്ക് ഡൗൺ പിൻവലിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നിരുന്നു. പ്രത്യേക പൊലീസ് കാവലിൽ നിശ്ചിത അകലം പാലിച്ചാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം നൽകുന്നത്. എന്നാൽ വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബാറുകൾ വീണ്ടും അടച്ചിരുന്നു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ യോഗത്തിലായിരുന്നു തീരുമാനം. പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സർക്കാർ ഉറപ്പുനൽകിയെങ്കിലുംതീരുമാനം ഉണ്ടാകുന്നതുവരെ ബാറുകൾ പ്രവർത്തിക്കില്ലെന്നായിരുന്നു അസോസിയേഷന്റെ തീരുമാനം.

എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും ബാറുകൾ തുറന്ന് പ്രവർത്തിച്ച് തുടങ്ങി. വെയർഹൗസ് ചാർജ് 25 ശതമാനത്തിൽ നിന്ന് പതിമൂന്ന് ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബാറുടമകളുടെ തീരുമാനം.