കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും പരാഗ്വെയെ കീഴടക്കിയത്. കളിയിൽ മികച്ചുനിന്നത് പരാഗ്വെ ആണെങ്കിലും തുടക്കത്തിൽ നേടിയ ഒരു ഗോൾ ലീഡ് സംരക്ഷിച്ച് അർജൻ്റീന ജയം ഉറപ്പിക്കുകയായിരുന്നു. 10ആം മിനിട്ടിൽ പപ്പു ഗോമസ് ആണ് അർജൻ്റീനക്കായി സ്കോർ ഷീറ്റിൽ ഇടം നേടിയത്. ഈ ജയത്തോടെ അർജൻ്റീന പരാജയം അറിയാത്ത 16 മത്സരങ്ങൾ പൂർത്തിയാക്കി.

കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് ചില മാറ്റവുമായാണ് അർജൻ്റീന ഇന്ന് ഇറങ്ങിയത്. സെർജിയോ അഗ്യൂറോ, ഡി മരിയ, പപ്പു ഗോമസ് തുടങ്ങിയർ ഈ മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇടം നേടി. മെസിയിൽ നിന്ന് ഡി മരിയയിലേക്കും അവിടെ നിന്ന് പപ്പുവിലേക്കും എത്തിയാണ് മത്സരത്തിലെ ഒരേയൊരു ഗോൾ സംഭവിച്ചത്. ലീഡ് എടുത്തതോടെ അർജൻ്റീന പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇത് കളി വിരസമാക്കി. രണ്ടാം പകുതിയിൽ പരാഗ്വെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും അർജൻ്റീന പ്രതിരോധം ഉറച്ചുനിന്നു.

ജയത്തോടെ അർജൻ്റീന ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് എത്തി. 2 ജയവും ഒരു സമനിലയും അടക്കം 7 പോയിൻ്റാണ് അർജൻ്റീനയ്ക്ക് ഉള്ളത്.