കൊച്ചി: കംപ്യൂട്ടര് സ്ഥാപന ഉടമയെ കബളിപ്പിച്ച നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയെയും സഹായിയെയും കൊച്ചിയില് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. പന്തളം സ്വദേശി സന്തോഷ് കരുണാകരന്, ഏലൂര് സ്വദേശി ഗോപകുമാര് എന്നിവരാണ് അറസ്റ്റിലായത്. 26 കോടി രൂപയുടെ സോഫ്റ്റ്വെയര് സോഴ്സ് കോഡ് 15,000 രൂപമാത്രം അഡ്വാന്സ് നല്കി തട്ടിയെടുത്തുവെന്നാണ് കേസ്.

പന്തളം രാജകുടുംബാംഗം, പഞ്ചക്ഷത്ര ഹോട്ടലുടമ, അമേരിക്കന് സൈന്യത്തിന് ഉപകരണങ്ങള് നല്കുന്നയാള് എന്നൊക്കെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കടവന്ത്ര ഓയസിസ് ബിസിനസ് സൊല്യൂഷന്സ് എന്ന സ്ഥാപന ഉടമയില്നിന്ന് കോടികള് വിലവരുന്ന സോഫ്റ്റ്വെയര് സോഴ്സ് കോഡ് തട്ടിച്ചുവെന്നതാണ് പ്രധാന കേസ്. സ്ഥാപനത്തിലെ 20 ജീവനക്കാരെ കോയമ്ബത്തൂരിലെ സ്ഥാപനത്തില് മാസങ്ങളോളം ജോലി ചെയ്യിച്ച്‌ പ്രതിഫലം നല്കാതെ കബളിപ്പിച്ചെന്ന കേസുമുണ്ട്.

ഒറീസക്കാരനായ പ്രവാസിയില്നിന്ന് ആറുകോടി രൂപ കബളിപ്പിച്ചതിന് ഇന്ഫോപാര്ക്ക് പൊലീസ് സ്റ്റേഷനില് മറ്റൊരു കേസും സന്തോഷ് കരുണാകരനെതിരെയുണ്ട്. കേസില് കീഴടങ്ങാന് എത്തുമ്ബോഴാണ് അറസ്റ്റ്.