സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിക്കുന്ന ട്രോളുകളിൽ പ്രതികരിച്ച് നടൻ കൈലാഷ്. ഒപ്പം നിൽക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രമാണെന്ന് കൈലാഷ് പറഞ്ഞു. സ്വയം വിലയിരുത്താനും നവീകരിക്കാനുമായി വിമർശനങ്ങളൊക്കെ താൻ ഏറ്റുവാങ്ങുകയാണെന്നും കൈലാഷ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കൈലാഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവും വിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം കയറിയത്. ഈ വേളയിൽ, ‘മിഷൻ – സി’ എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടർ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകൾ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്. വിമർശനങ്ങളെല്ലാം ഞാൻ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി.

നടനവിദ്യയുടെ മറുകര താണ്ടിയവർ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം. പക്ഷേ, മനപ്പൂർവ്വമുള്ള നോവിക്കലുകൾ എനിക്ക് തിരിച്ചറിയാനാവും. എങ്കിലും, ഇന്നീ ചുരം തിരിച്ചിറങ്ങുമ്പോൾ സന്തോഷം മാത്രമേയുള്ളൂ.

വഴിയരികിൽ നിറയെ മഞ്ഞ പടർത്തി കണിക്കൊന്നകൾ. ‘മഞ്ഞ’യ്ക്കുമുണ്ട് വിവിധാർത്ഥങ്ങൾ. മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുല്കാനാണ് ഇഷ്ടം. സ്നേഹിക്കുന്നരോടും ഒപ്പം നിൽക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രം.

ഏവർക്കും വിഷു ദിനാശംസകൾ !
ഒപ്പം പുണ്യ റംസാൻ ആശംസകളും.