ഒഡീഷയിൽ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികൾ പിറന്നു. ഒഡീഷയിലെ കേന്ദ്രപറ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് ഈ അപൂർവ സംഭവം. നെഞ്ചും അടിവയറും ചേർന്നിരിക്കുന്ന അവസ്ഥയിലാണ് ഇരട്ട കുട്ടികൾ പിറന്നത്.

കനി വില്ലേജിലെ അംബിക – ഉമാകാന്ത് ദമ്പതികൾക്കാണ് ഇരട്ടക്കുട്ടികൾ പിറന്നത്. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഉമാകാന്ത് ഗവൺമെന്റിനോട് സഹായം തേടിയിരിക്കുകയാണ്. ഇരട്ടക്കുട്ടികളെ കൂടുതൽ ചികിത്സയ്ക്കായി കട്ടക്കിലെ ശിശുഭവനിലേക്ക് മാറ്റി.

സയാമീസ് ഇരട്ടകൾ ജനിക്കുക അപൂർവമാണ്. അത്തരം കുട്ടികൾ സാധാരണ ജീവിതം നയിക്കാനുള്ള സാധ്യത കുറവാണ്. ഒരു സ്ത്രീയുടെ ഗർഭപാത്രത്തിലെ ഭ്രൂണം ശരിയായി വികസിക്കാതിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ദശലക്ഷത്തിൽ ഒന്നിൽ മാത്രമാണ് സയാമീസ് ഇരട്ടകൾ ഉണ്ടാകാനുള്ള സാധ്യതയെന്ന് കേന്ദ്രപറ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. ദെബാശിഷ് സാഹു പറഞ്ഞു.