ഏറ്റവും കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നേമത്തിന് പുറമെ, കഴക്കൂട്ടം, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന് ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നത്. വോട്ട് ശതമാനത്തില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്ന ബിജെപി, എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാകുന്ന ശക്തിയായി എന്‍ഡിഎ മാറിയെന്നും വിലയിരുത്തുന്നു.

എന്‍ഡിഎയ്ക്ക് ബൂത്തടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകള്‍ സംബന്ധിച്ച കണക്കുകള്‍ ഇന്നും നാളെയുമായെ ലഭിക്കുകയുള്ളൂവെങ്കിലും വോട്ട് ശതമാനം വര്‍ധിപ്പിക്കാനായെന്ന് തന്നെയാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫിനും യുഡിഎഫിനും കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ എന്‍ഡിഎ മുന്നണിക്കായി. കഴിഞ്ഞ തവണ നേമത്തിലൂടെ നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപി, ഇത്തവണ ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും ജയിച്ച് കയറാനാകുമെന്ന ഉറച്ചപ്രതീക്ഷയിലാണ്.

നേമത്തിന് പുറമെ പ്രവചനാതീതമായ പോരാട്ടം നടന്ന കഴക്കൂട്ടം, മെട്രൊമാന്‍ ഇ.ശ്രീധരന്‍ മത്സരിച്ച പാലക്കാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണ കുമാര്‍ സ്ഥാനാര്‍ത്ഥിയായ മലമ്പുഴ, ഒപ്പം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട മഞ്ചേശ്വരം, തുടങ്ങിയ മണ്ഡലങ്ങളില്‍ ഇത്തവണ താമര വിരിയുമെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതിനൊപ്പം സുരേഷ് ഗോപി മത്സരിച്ച തൃശൂര്‍ കൂടെ വന്നാലും അത്ഭുതപ്പെടാനില്ലെന്നും നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്നു.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച പോരാട്ടം നടന്ന നേമത്ത് വി.ശിവന്‍കുട്ടിക്കും, കെ.മുരളീധരനുമായി ന്യൂനപക്ഷ വോട്ടുകള്‍ വിഘടിച്ചതായാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അത് ഫലത്തില്‍ കുമ്മനം രാജശേഖരന് അനുകൂലമായി മാറുമെന്നാണ് പ്രതീക്ഷ. കഴക്കൂട്ടത്ത് ശോഭ സുേേരേന്ദ്രന്‍ വോട്ട് വര്‍ധിപ്പിക്കും. ശബരിമല ഒരു പരിധി വരെ തുണയ്ക്കും. എന്നാല്‍ കഠിനംകുളം പോലുള്ള തീരദേശ മേഖലകളില്‍ ശബരിമല ചലനം സൃഷ്ടിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു. മണ്ഡലത്തില്‍ തന്നെയുള്ള വ്യക്തിയെന്ന കടകംപള്ളി സുരേന്ദ്രന്റെ ക്യാമ്പയിനും അടിയൊഴുക്കുകളും ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.

മലമ്പുഴയില്‍ ജില്ലയിലാകെ സ്വീകാര്യനായ സി. കൃഷ്ണകുമാറിന്റേത് നിശബ്ദ മുന്നേറ്റമായിരിക്കും. പാലക്കാടും, മഞ്ചേശ്വരവും ഒപ്പം പോരും. തൃശൂരില്‍ മത്സര സാധ്യത മാത്രമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തിരിച്ചടിക്കുമോയെന്ന ഭയവുമുണ്ട് ബിജെപിക്ക്. തിരുവനന്തപുരം മണ്ഡലത്തില്‍ നഗര വോട്ടുകള്‍ ലഭിക്കുമെങ്കിലും തീരമേഖലയിലെ 60 ഓളം ബൂത്തുകളില്‍ ബിജെപിക്ക് ഒരു പ്രതീക്ഷയുമില്ല. കോന്നിയില്‍ ഓര്‍ത്തഡോക്‌സ് സഭാംഗം തന്നെ ഒരു സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് ഉള്ളതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ ഉണ്ടാക്കിയ മുന്നേറ്റം ഇത്തവണ പ്രതീക്ഷിക്കുന്നില്ല.

കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, പാറശാല തുടങ്ങി പത്തോളം മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നും കണക്ക് കൂട്ടുന്നു. അതേസമയം ഉള്ള അക്കൗണ്ട് കൂടി പൂട്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പരാമര്‍ശത്തിന് പിന്നിലെ അപകടം ബിജെപി മുന്‍കൂട്ടി കാണുന്നുണ്ട്. ബിജെപി മുന്നേറുമെന്ന പ്രതീതിയുണ്ടായാലുണ്ടാകുന്ന ന്യൂനപക്ഷ ഏകീകരണവും പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയേക്കാം.