പോളിംഗിന്റെ തുടക്കത്തിലെ ആവേശവും അവസാന സമയത്തെ മന്ദതയും തുടര്‍ഭരണം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് നേതൃത്വം. ഉച്ചക്കു മുന്‍പു തന്നെ എല്ലാ മണ്ഡലങ്ങളിലേയും ഉറച്ച വോട്ടുകള്‍ പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. എന്നാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കൊളുത്തിവിട്ട ശബരിമല വാഗ്വാദം തിരിച്ചടിയാകുമോ എന്ന ആശങ്കയും ചെറുതല്ല.

വോട്ടിംഗ് ശതമാനക്കണക്കിലെ കുറവ് ഒരേസമയം ആവേശവും ആശങ്കയും സൃഷ്ടിക്കുകയാണ് ഇടതു ക്യാമ്പില്‍. സാധാരണ കുറഞ്ഞ വോട്ടിംഗ് ശതമാനം എല്‍ഡിഎഫിന് അനുകൂലമാകാറാണ് പതിവ്. എന്നാല്‍ വ്യത്യസ്ത മണ്ഡലങ്ങളിലെ ഏറിയും കുറഞ്ഞുമുള്ള വോട്ടെണ്ണം സൃഷ്ടിക്കുന്ന ആശങ്കയും ചെറുതല്ല. 75നു മുകളില്‍ സീറ്റുകള്‍ നേടി തുടര്‍ഭരണമുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പ്രാഥമികമായി അവകാശപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ ചേരുന്ന എല്‍ഡിഎഫിന്റേയും സിപിഐഎമ്മിന്റേയും നേതൃയോഗങ്ങള്‍ കണക്കെടുപ്പ് നടത്തും. അതിനുശേഷമായിരിക്കും കുറച്ചുകൂടി കൃത്യമായ ഫലസൂചന പുറത്തുവിടുക.

വോട്ടെടുപ്പു ദിവസം ഉച്ചക്കു മുന്‍പു തന്നെ ഉറച്ച ഇടതുവോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കാനായിട്ടുണ്ടെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്. അവസാന മണിക്കൂറുകളില്‍ ഒഴുകിയെത്താറുള്ള യുഡിഎഫ് വോട്ടുകളില്‍ ഇക്കുറി ആവേശം പ്രകടമായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ വ്യക്തമായ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ടാകും. വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയുള്ള പ്രചാരണം പൊതുവില്‍ ജനം സ്വീകരിച്ചതായും നേതൃത്വം അവകാശപ്പെടുന്നു. മാത്രമല്ല, സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചുമില്ല.

വോട്ടെടുപ്പ് ദിവസം പ്രതിപക്ഷമാകെ ശബരിമല ഉയര്‍ത്തിക്കൊണ്ടുവന്നത് ഇതിന്റെ ഭാഗമാണെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയും തുടര്‍ന്നുണ്ടായ ചര്‍ച്ചകളും തിരിച്ചടിയാകുമോ എന്ന സംശയവും ഇല്ലാതില്ല.