ആമസോൺ പ്രൈം, നെറ്റ് ഫ്ലിക്സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സ്ക്രീനിങ് ആവശ്യമാണെന്ന് സുപ്രിംകോടതി. താണ്ഡവ് വെബ്സീരിസുമായി ബന്ധപ്പെട്ട മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന പരാമർശം. ആമസോൺ പ്രൈം വാണിജ്യ വിഭാഗം മേധാവി അപർണ പുരോഹിത് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി.ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീം ചെയ്യുന്ന വെബ് സീരിസുകളിലും ഷോകളിലും സ്ക്രീനിങ് ഉണ്ടാകേണ്ടതാണെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പലതിന്റെയും ഉള്ളടക്കത്തിൽ അശ്ലീലമുണ്ടെന്നും ജസ്റ്റിസ് അശോക് ഭൂഷൺ ചൂണ്ടിക്കാട്ടി. മോശം പദങ്ങളും പ്രയോഗിക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കൂട്ടിച്ചേർത്തു.

താണ്ഡവ് വെബ്സീരിസുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ പരിഗണിക്കാതെയാണ് ആമസോൺ പ്രൈം വാണിജ്യ വിഭാഗം മേധാവി അപർണ പുരോഹിതിന് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും റോത്തഗി വാദിച്ചു. പുതിയ ഒടിടി മാർഗനിർദേശങ്ങൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകിയ കോടതി, അപർണ പുരോഹിതിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഉത്തർപ്രദേശിൽ അടക്കം നാല് സംസ്ഥാനങ്ങളിൽ ആമസോൺ പ്രൈമിനെതിരെ കേസെടുത്തത്.