വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. രാജ്യത്തെ വോട്ടർമാരെ ബഹുമാനിക്കണമെന്നും അവരുടെ വിവേകത്തെ അപമാനിക്കരുതെന്നുമായിരുന്നു കപിൽ സിബലിന്റെ പ്രതികരണം.

പതിനഞ്ചു വർഷം ഉത്തരേന്ത്യയിൽ എംപിയായിരുന്ന തനിക്ക് കേരളത്തിലെ എംപിയായത് പുത്തൻ അനുഭവമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഇത് വിവാദമായതോടെ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കപിൽ സിബൽ രംഗത്തെത്തിയത്. ഏത് സന്ദർഭത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് രാഹുൽ തന്നെ വിശദീകരിക്കണമെന്ന് കപിൽ സിബൽ പറഞ്ഞു. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്നും എന്തുകൊണ്ടാണെന്നും വോട്ടർമാർക്ക് അറിയാമെന്നും കപിൽ സിബൽ പറഞ്ഞു.

രാജ്യത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന ബിജെപി വാദം പരിഹാസ്യമാണ്, 2014 ൽ അധികാരത്തിൽ എത്തിയത് മുതൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സർക്കാരാണിതെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.