സാന്‍ അന്റോണിയോ: ടെക്സസിലെ ജനങ്ങള്‍, പ്രത്യേകിച്ച്‌ സാന്‍ അന്റോണിയോയിലെ ജനങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ജലക്ഷാമം. ഉപയോഗിക്കാന്‍ ശുദ്ധമായ വെള്ളമില്ലാത്തത് ശൈത്യകാലത്തെ ഏറ്റവും വലിയ ദുരിതമാണ്. ഈ പ്രതിസന്ധികള്‍ക്കിടയില്‍ ബോണി വാല്‍ഡെസ് എന്ന സ്ത്രീ അവരുടെ കടയുടെ മുമ്പില്‍ കുറച്ച്‌ വെള്ളക്കുപ്പികള്‍ നിരത്തി വച്ചിരുന്നു. അവര്‍ക്കാവശ്യമായ വെള്ളമായിരുന്നു അത്. എന്നാല്‍ പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോള്‍ ഈ വെള്ളക്കുപ്പികള്‍ കാണാതായി.

എന്നാല്‍ വെള്ളത്തിന് പകരം പണം കടയ്ക്ക് മുമ്പില്‍ ഉപേക്ഷിച്ചാണ് പോയത്. കടയുടെ വാതില്‍ തുറന്നപ്പോഴാണ് പണം കണ്ടെത്തിയത്. മൊത്തം 620 ഡോളര്‍ തറയില്‍ കിടന്ന് വാല്‍ഡെസിന് കിട്ടി. വാല്‍ഡെസ് തന്റെ ഫേസ്ബുക്ക് പേജില്‍ ഈ കഥ പോസ്റ്റ് ചെയ്തു.

ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ മനുഷ്യര്‍ പരസ്പരം സഹായിക്കേണ്ട സമയമാണിതെന്ന് പോസ്റ്റിന് കമന്റുകളെത്തി. പണം കടയ്ക്കുള്ളില്‍ നിക്ഷേപിച്ച്‌ വെള്ള കുപ്പികള്‍ കൊണ്ടുപോയ ഉപഭോക്താക്കളുടെ സത്യസന്ധതയെ നിരവധി പേര്‍ പ്രശംസിച്ചു. ഇത് നിങ്ങളുടെ ഉപഭോക്താക്കളോട് നിങ്ങള്‍ പെരുമാറുന്ന രീതിയുടെ പ്രതിഫലനമാണെന്ന് മറ്റൊരു ഫേസ്ബുക്ക് ഉപയോക്താവ് പറഞ്ഞു.

30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ടെക്സസ് അതി കഠിന ശൈത്യകാലത്തെ അഭിമുഖീകരിക്കുന്നത്. മിക്കയിടത്തും വെള്ളം ഐസായതിനെത്തുടര്‍ന്ന് കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഐസ് ചൂടാക്കുകയാണ്. മിക്കയിടത്തും റോഡുകള്‍ മഞ്ഞുകൂടി കിടക്കുകയാണ്.