സെക്രട്ടേറിയറ്റിനു മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരത്തെ പരിഹസിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ‘ പല പല സമര രൂപങ്ങളുണ്ട്, സത്യാഗ്രഹം, പിക്കറ്റിങ്, മുട്ടുകുത്തി നടക്കുക. അങ്ങനൊരു സമര രൂപമെന്ന നിലയില്‍ അവര്‍ സത്യാഗ്രഹ സമരം നടത്തുന്നുണ്ടെന്നാണ് പത്രങ്ങളില്‍ വായിച്ചത്’ അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി പട്ടാമ്ബിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.വിജയരാഘവന്‍.

സര്‍ക്കാരിന്റെ അധികാരപരിധിക്കുപുറത്തുള്ള കാര്യങ്ങളാണ് സമരക്കാര്‍ ഇപ്പോള്‍ ആവശ്യങ്ങളായി ഉന്നയിച്ചിരിക്കുന്നത്. നിലവിലില്ലാത്ത റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ ജനാധിപത്യത്തില്‍ സമരം ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷെ, സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ നിയമപരമായി പരിഹാരം കാണാന്‍ കഴിയുന്നതാകണം. അല്ലാതെ സമരം നടത്തിയാല്‍ സമരം ചെയ്യുക മാത്രമേ നടക്കൂ. ചര്‍ച്ച ചെയ്ത പരിഹരിക്കാന്‍ കഴിയില്ല.’ അദ്ദേഹം പറഞ്ഞു.