ടെക്സസ് ∙ ടെക്സസിൽ ഒരാഴ്ചയായി നീണ്ടു നിൽക്കുന്ന അതിശൈത്യവും മഞ്ഞുവീഴ്ചയും സ്ലീറ്റും സംസ്ഥാനത്തെ സംബന്ധിച്ചിടുത്തോളം ഏറ്റവും ചെലവേറിയ ദുരന്തമാണെന്ന് ഇൻഷുറൻസ് വ്യവസായ പ്രമുഖർ പറഞ്ഞു. മഞ്ഞും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയും വളരെ വലിയ ഇൻഷുറൻസ് ക്ലെയിമുകളും ഇതുവരെയില്ലാത്ത സാഹചര്യമാണ് 254 കൗണ്ടികളിലും സൃഷ്ടിച്ചിരിക്കുന്നത്.

ടെക്സസിൽ കൊടുങ്കാറ്റും, ചുഴലിക്കാറ്റും, ആലിപ്പഴവർഷവുമെല്ലാം സാധാരണമാണ്. എന്നാൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തെയും ബാധിക്കുന്ന ഇതുപോലെയുള്ള ദുരന്തം ഇതാദ്യമാണ്. ഈ ദുരന്തത്തിലെ നഷ്ടം ഹരികെയ്ൻ ഹാർവീയെക്കാൾ വലുതായിരിക്കും. ഹാർവീയുടെ നഷ്ടം 19 ബില്യൺ ഡോളർ (ഇന്നത്തെ നിലവാരത്തിൽ 20.1 ബില്യൺ ഡോളർ) ആയിരുന്നു. ഇതിൽ ഭവന, വാഹന, വാടക, ബിസിനസ് ഇൻഷുറൻസ് മാർക്കറ്റ് നഷ്ടങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ, എനർജി പൈപ്പ് ലൈനുകൾ, സമ്മർദ്ദം ഏറെ നേരിട്ട പവർപ്ലാന്റുകൾ എന്നിവയിൽ നിന്നുണ്ടായ നഷ്ടം ഇവ ഇവയ്ക്കു പുറമെയാണ്.

ഹരികെയ്ൻ ഹാർവി 2017– ൽ കുറെ ദിവസങ്ങൾ ഗൾഫ് കോസ്റ്റിൽ കനത്ത മഴ പെയ്തതിനുശേഷം റോക്ക് പോർട്ടിൽ നിലം പതിക്കുകയും ഹൂസ്റ്റണിൽ റിക്കാർഡ് മഴ മൂലം റിഫൈനറികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. നോർത്ത് ടെക്സസിന്റെ ഏറ്റവും വിലയേറിയ ദുരന്തങ്ങൾ ഹെയിൽ സ്റ്റോമുകളായി 1992 ലും 1995 ലും ആഞ്ഞടിച്ചപ്പോൾ ഓരോ തവണയും നഷ്ടം 3 ബില്യൺ ഡോളർ വീതം ആയിരുന്നു. ഒക്ടോബർ 2019 ലെ ടൊർണാഡോകൾ ഡാലസിലും റിച്ചാർഡ്സണിലും ആഞ്ഞടിച്ചപ്പോൾ നഷ്ടം 1.5 ബില്യൺ ഡോളറായിരുന്നു. 1993 ലെ ശൈത്യ കൊടുങ്കാറ്റ് 5 ബില്യൺ ഡോളറിന്റെ ക്ലെയിമുകൾ സൃഷ്ടിച്ചു. 2021 വരെ ടെക്സസിലെ വലിയ നഷ്ട പരിഹാര കേസുകൾ ട്രോപ്പിക്കൽ സ്റ്റോമുകൾ ആയിരുന്നു.

2021 ഫെബ്രുവരി 16 ന് ഡിഎഫ്ഡബ്ല്യു എയർപോർട്ടിൽ താപനില മൈനസ് 2 ഡിഗ്രി ആയപ്പോൾ‍ ഇത് ഏറ്റവും വലിയ നഷ്ടപരിഹാര ക്ലെയിം ആയിരിക്കും എന്ന് യുഎസ്എയുടെ ഗാർസിയ പറഞ്ഞു. സാൻഅന്റോണിയോ ആസ്ഥാനമാക്കിയ യുഎസ്എ ടെക്സസിലെ അഞ്ചാമത്തെ വലിയ ഇൻഷുറൻസ് കമ്പനിയാണ്. ഇതുവരെ 20,000 ക്ലെയിമുകൾ ലഭിച്ചതായി പറഞ്ഞു. ചില ഇൻഷുറൻസ് കമ്പനികൾ ഹരിക്കേനുകളും പൈപ്പുകൾ പൊട്ടുന്നതും കവർ ചെയ്യുന്ന പോളിസികൾ നൽകാറുണ്ട്. സംസ്ഥാനം ഒട്ടാകെയുള്ള നാശനഷ്ടങ്ങൾ പ്ലമ്പർമാരിലും റൂഫ് കമ്പനികളിലും കാർപെന്റർമാരിലും വലിയ ഭാരം സൃഷ്ടിക്കും. പൈപ്പുകൾ പൊട്ടുന്നതും ഐസും സ്നോയും ഭവന ഉടമകളിൽ വലിയ ആശങ്കയ്ക്കു കാരണമാകും.

ഭവന ഉടമകളും വാടകക്കാരും മുൻകൂട്ടി വലിയ തുക ആവശ്യപ്പെടുന്ന കോൺട്രാക്ടർമാരെയും ശരിയായ ലൈസൻസോ സർട്ടിഫിക്കേറ്റോ ഇല്ലാത്തവരെയും ഒഴിവാക്കണമെന്ന് കൺസ്യൂമർ വാച്ച് ഡോഗിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കാർമെൻ ബാൽബർ പറയുന്നു. പവർ ഔട്ടേജിന്റെ ഫ്രീസിംഗ് ടെമ്പറേച്ചറിന്റെയോ സമയത്ത് ഹോട്ടലിലേയ്ക്കു മാറേണ്ടി വന്നാൽ ആ ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കേണ്ടതാണ്. ഇക്കാര്യം ഇൻഷുറൻസ് കമ്പനിയുമായി മുൻകൂട്ടി സംസാരിക്കുക.

ഡാലസ് നിവാസിയായ വാൻ മൗഷേജിയൻ ഒരു ഇറിഗ്രേഷൻ ലൈസൻസ് സ്പെഷ്യലിസ്റ്റാണ്. അയൽക്കാരെല്ലാം വാൻ മൗഷേജീയനെ സമീപിച്ച് തങ്ങളുടെ ആശങ്കകൾ അറിയിക്കുന്നു. വീട്ടിലെ താപനില സീറോയോ അതിൽ കുറവോ ആയാൽ പൈപ്പ് പൊട്ടുകയോ സീലിംഗിലെ പൈപ്പുകൾക്ക് ഇൻസുലേഷൻ പ്രശ്നം ഉണ്ടായി പൊട്ടിയാലോ ഇൻഷുറൻസ് ക്ലെയിം ഉണ്ടാകും. സാധാരണ ടെക്സസിൽ ഒരു വീട്ടിലുണ്ടാകുന്ന പൈപ്പ് പൊട്ടൽ റിപ്പയർ ചെയ്യുവാൻ 10,300 ഡോളറാകും. യുഎസിലെ ശരാശരി 15,500 ഡോളറാണ്.

ഇൻഷുറൻസ് ക്ലെയിമുകൾ വർധിച്ചപ്പോൾ ഇൻഷുറൻസ് അഡ്ജസ്റ്റർമാരെ സ്റ്റേറ്റ് ഫാം ഇൻഷുറൻസ് അധികമായി നിയോഗിച്ചു. ഒരു ഇൻഷുറൻസ് ക്ലെയിം ഒരു ബിസിനസ് നെഗോഷിയേഷനാണ്. യുണൈറ്റഡ് പോളിസി ഹോൾഡേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഏമി ബാഷ് പറഞ്ഞു.